എലിവിഷം കൊണ്ട് പല്ല് തേച്ച പതിനേഴുകാരിക്ക് ദാരുണാന്ത്യം.


മംഗളൂരു/ ടൂത്ത് പേസ്റ്റെന്ന് കരുതി അബദ്ധത്തിൽ എലിവിഷം കൊണ്ട് പല്ല് തേച്ച പതിനേഴുകാരിക്ക് ദാരുണാന്ത്യം. മംഗലാപുരം സ്വദേശിനി ശ്രവ്യയാണ് മരണപ്പെട്ടത്. ഫെബ്രുവരി 14 നാണ് ശ്രവ്യ ടൂത്ത് പേസ്റ്റിന് പകരം ബ്രഷിൽ അബദ്ധത്തിൽ എലിവിഷം പുരട്ടി പല്ലുതേക്കുന്നത്. തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കി, വെള്ളം ഉപയോഗിച്ച് ഉടൻ തന്നെ ശ്രവ്യ വായ കഴുകിയിരുന്നു.
അടുത്ത ദിവസം അസുഖകരമായ ഒന്നും തോന്നിയിരുന്നില്ല. എന്നാൽ ഫെബ്രുവരി 17ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുത്തൂരിലെ ചികിത്സ കൊണ്ട് ഫലം കാണാതെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.

കുളിമുറിയിലെ ജനലിനരുകിലാണ് പേസ്‌റ്റും ബ്രഷുമെല്ലാം സൂക്ഷിച്ചിരുന്നത്. അബദ്ധത്തിൽ എലി വിഷവും ഇതിനടുത്ത് വച്ചിരുന്നു. മുറി ഇരുട്ടായതിനാൽ പേസ്‌റ്റിന് പകരം വിഷമെടുത്ത് പല്ല് തേക്കുകയായിരുന്നു. പുത്തൂർ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്ന ശ്രവ്യ ഹിജാബ് വിവാദത്തെ തുടർന്ന് കോളേദ് അവധിയായതിനാലാണ് വീട്ടിലേക്ക് പോയിരുന്നത്.
Previous Post Next Post