ന്യൂഡൽഹി: 11ലക്ഷം രൂപയുടെ വ്യാജ നാണയങ്ങളുമായി തട്ടിപ്പ് സംഘം ഡൽഹിയിൽ പോലീസ് പിടിയിലായി. വ്യാജനാണയ നിർമാണത്തെയും വിതരണത്തെയും കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി പോലീസിന്റെ പ്രത്യേക സംഘം നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്. 5,10,20 രൂപയുടെ വ്യാജനാണയങ്ങളാണ് ഇവർ നിർമിച്ചിരുന്നത്.
ഡൽഹി സ്വദേശി നരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇവരിൽ നിന്ന് ഒരുലക്ഷത്തിൽ പരം രൂപയുടെ വ്യാജ നാണയങ്ങൾ അപ്പോൾ തന്നെ പിടികൂടിയിരുന്നു. പിടിയിലായ അഞ്ചുപേരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹരിയാനയിലെ വ്യാജനാണയ ഫാക്ടറിയെ കുറിച്ച് വിവരം ലഭിക്കുന്നത്. ഫാക്ടറിയിൽ നടത്തിയ പരിശോധനയിലാണ് 10ലക്ഷത്തിൽ അധികം രൂപയുടെ നാണയങ്ങൾ കണ്ടെടുത്തത്. നാലു യൂണിറ്റുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. പകുതി നിർമിച്ച നാണയങ്ങളും നാണയങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത്യ വസ്തുക്കളും യന്ത്രങ്ങളും പോലീസ് പിടിച്ചെടുത്തു. കള്ള നോട്ടുകൾ വേഗത്തിൽ പിടിക്കപ്പെടും എന്നതിനാലാണ് സംഘം കള്ള നാണയ നിർമാണത്തിന് മുതിർന്നത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.