കെ എസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ





 
തിരുവനന്തപുരം: സമരം നടത്തുന്ന കെ എസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റിന് വന്‍ പിഴ. ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് 6.72 ലക്ഷം രൂപയാണ് (6,72,570 രൂപ) പിഴയിട്ടത്. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനാണ് ഉത്തരവിട്ടത്. 

മന്ത്രി എം എം മണിയുടെ സ്റ്റാഫ് ആയിരുന്ന സമയത്ത് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. കെഎസ്ഇബി വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു എന്നാണ് ആരോപണം. 19-ാം തീയതിയാണ് ഉത്തരവ് ഇറക്കിയത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുക ശമ്പളത്തില്‍ നിന്നും പിടിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. 

അതേസമയം പിഴ ചുമത്തിയ കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, തന്റെ കയ്യില്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും എം ജി സുരേഷ് കുമാര്‍ പറഞ്ഞു. കെഎസ്ഇബിയിലെ ഓഫീസര്‍ എന്ന നിലയില്‍ നടപടിയെടുക്കണമെങ്കില്‍ തനിക്ക് നോട്ടീസ് നല്‍കി വിശദീകരണം കേട്ട ശേഷമേ നടപടി പാടുള്ളൂ. 

എന്നാല്‍ അത്തരത്തില്‍ തനിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ല. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് നീക്കം നടക്കുന്നത്. വൈദ്യുതി മന്ത്രിയുടെ സ്റ്റാഫ് ആയിരുന്ന കാലത്ത് മന്ത്രി നിര്‍ദേശിച്ച കാര്യങ്ങളാണ് ചെയ്തത്. അത്തരം കാര്യങ്ങളില്‍ മന്ത്രിയോടു കൂടി ചോദിച്ച് തീരുമാനമെടുക്കുന്നതാകും നന്നാകുകയെന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു


Previous Post Next Post