
കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റിനെ വിജിലന്‍സ് പിടികൂടി. എറണാകുളം കുറുപ്പംപടി വേങ്ങൂര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരനെ ആണ് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്.വേങ്ങൂര്‍ വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ് ജിബി എം മാത്യുവാണ് പിടിയിലായത്. പോക്കുവരവ് ചെയ്ത വസ്തുവിന്റെ കരമൊടുക്കാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
ഭാഗ ഉടമ്പടി പ്രകാരം ലഭിച്ച സ്ഥലത്തിന് കരമൊടുക്കണമെന്ന ആവശ്യവുമായി സമീപിച്ചപ്പോഴാണ് ജിബി കൈക്കൂലി ആവശ്യപ്പെട്ടത്. ഏറെ നാളായി കരമൊടുക്കണമെന്ന ആവശ്യവുമായി ഓഫീസ് കയറിയിറങ്ങിയിട്ടും ഓരോ കാരണം പറഞ്ഞ് ജിബി ഫയല്‍ മടക്കിയെന്നാണ് പരാതി.
ഒടുവില്‍ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് നല്‍കിയ നോട്ടുകള്‍ കൈക്കൂലിയായി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസ് വളഞ്ഞ് ജിബിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി ജിബി വേങ്ങൂര്‍ വില്ലേജ് ഓഫീസില്‍ ജോലി ചെയ്യുകയാണ്.