ഓണ്‍ലൈന്‍ ഡെലിവറി ബോയിയെ കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി കൊള്ളയടിച്ച ഗുണ്ടയെ പോലീസ് പിടികൂടി




ചെന്നൈ: ഓണ്‍ലൈന്‍ ഡെലിവറി ബോയിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കൊള്ളയടിച്ച കേസില്‍ മലയാളി ഗുണ്ട ചെന്നൈയില്‍ അറസ്റ്റില്‍.

ഇരുപതില്‍ അധികം കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി ബിനു പാപ്പച്ചനാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ഓണ്‍ലൈന്‍ സ്ഥാപനത്തിലെ ഡെലിവറി ബോയിയായ എന്‍.ജാനകിരാമനാണ് ബിനുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ജാനകിരാമന്റെ കൈവശം ഉണ്ടായിരുന്ന പണവും ഫോണും ഇയാള്‍ തട്ടിയെടുത്തു. തന്നെ കുറിച്ച്‌ കൂടുതലറിയാന്‍ ഗൂഗിള്‍ ചെയ്ത് നോക്കണമെന്ന് പറഞ്ഞാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ബിനുവും സഹായിയും അറസ്റ്റിലായത്. എന്നാല്‍ ഗുണ്ടാപ്പണി നിര്‍ത്തിയെന്നും, സമാധാനപരമായി ജീവിക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള ഇയാളുടെ പതിവ് പല്ലവി പോലീസ് മുഖവിലയ്‌ക്കെടുത്തില്ല.

2018ല്‍ 70ല്‍ അധികം ഗുണ്ടകള്‍ക്കൊപ്പം വടിവാള്‍ ഉപയോഗിച്ച്‌ കേക്ക് മുറിച്ച്‌ ജന്മദിനം ആഘോഷിച്ചതോടെയാണ് ബിനു പോലീസിന്റെ നോട്ടപ്പുള്ളിയായത്. കണ്ടാലുടന്‍ വെടിവച്ചിടാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഉത്തരവിട്ടതോടെ ഇയാള്‍ പോലീസിന് മുന്നില്‍ കീഴടങ്ങി. പിന്നീട് ജാമ്യം കിട്ടി പുറത്തിറങ്ങിയ ഇയാളെ കുറിച്ച്‌ പോലീസിന് വിവരമില്ലായിരുന്നു. പിന്നീട് ജാനകിരാമന്‍ നല്‍കിയ പരാതിയില്‍ ഇയാളെ കുറിച്ച്‌ സൂചനകള്‍ ലഭിച്ചതോടെയാണ് ബിനുവാണെന്ന് വ്യക്തമായത്.
Previous Post Next Post