ഭവന, വാഹന വായ്പകളുടെ ചെലവ് ഉയരും; എസ്ബിഐ അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിച്ചു





ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖ ബാങ്കായ എസ്ബിഐ എംസിഎല്‍ആര്‍ ( മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റ്) നിരക്ക് വര്‍ധിപ്പിച്ചു. ഇതോടെ വായ്പ ചെലവ് വര്‍ധിക്കും.

അടിസ്ഥാന പലിശനിരക്കായ എംസിഎല്‍ആറില്‍ പത്തു ബേസിക് പോയന്റിന്റെ വര്‍ധനയാണ് എസ്ബിഐ വരുത്തിയത്. ഇതോടെ പലിശനിരക്കില്‍ 0.10 ശതമാനത്തിന്റെ വര്‍ധന ഉണ്ടാവും. ഏപ്രില്‍ 15ന് പുതുക്കിയ നിരക്ക് നിലവില്‍ വരും.

എംസിഎല്‍എര്‍ നിരക്ക് വര്‍ധിപ്പിച്ചതോടെ വാഹന, ഭവന അടക്കം വിവിധ വായ്പകളുടെ മാസംതോറുമുള്ള തിരിച്ചടവിന്റെ ചെലവ് വര്‍ധിക്കും. നിലവിലുള്ള വായ്പകള്‍ക്കും പുതിയ വായ്പകള്‍ക്കും ഇത് ബാധകമാണ്. 

ഒരു മാസം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 6.65 ശതമാനത്തില്‍ നിന്ന് 6.75 ശതമാനമായി ഉയരും. മൂന്ന് വര്‍ഷം കാലാവധിയുള്ള വായ്പകളുടെ അടിസ്ഥാനപലിശനിരക്ക് 7.30 ശതമാനത്തില്‍ നിന്ന് 7.40 ശതമാനമായി ഉയരും. 

അടിസ്ഥാന പലിശനിരക്കിനെയാണ് എംസിഎല്‍ആര്‍ എന്ന് വിളിക്കുന്നത്. വായ്പകളിന്മേല്‍ ഇടപാടുകാര്‍ക്ക് ബാങ്ക് അനുവദിക്കുന്ന ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് എംസിഎല്‍ആര്‍. 2016ലാണ് റിസര്‍വ് ബാങ്ക് ഈ പലിശനിരക്ക് അവതരിപ്പിച്ചത്. ഉപഭോക്താവിന് അനുകൂലമായി മെച്ചപ്പെട്ട പലിശനിരക്കില്‍ വായ്പ ഉറപ്പാക്കുന്നതിനാണ് ഈ സമ്പ്രദായം റിസര്‍വ് ബാങ്ക് കൊണ്ടുവന്നത്.


Previous Post Next Post