ചവിട്ടാന്‍ കാലുയര്‍ത്തും മുമ്പ് മൂന്നു തവണ ആലോചിക്കണം; നടപടി വേണം, അല്ലെങ്കില്‍ കാണാം': വി ഡി സതീശന്‍




തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയില്‍ കെ റെയില്‍ കല്ലിടല്‍ തടയാനെത്തിയ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസുകാരെ ബൂട്ടിട്ട് ചവിട്ടിയാല്‍ പ്രത്യാഘാതമുണ്ടാകും. നടപടി വേണം. അല്ലെങ്കില്‍ കാണാമെന്നും വി ഡി സതീശന്‍ പറഞ്ഞു. 

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചവിട്ടാന്‍ കാലുയര്‍ത്തും മുമ്പ് മൂന്നു തവണ ആലോചിക്കണം. പൊലീസ് തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. തന്റെ വാക്കുകള്‍ ഭീഷണിയായി വേണമെങ്കില്‍ കാണാം. ഇത്തരം അതിക്രമം വെച്ചുവാഴിക്കില്ല. പൊലീസ് കാടന്‍ രീതിയിലാണോ സമരത്തെ നേരിടേണ്ടതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

കെ റെയില്‍ കല്ലിടലിനെ ശക്തമായി എതിര്‍ക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. എത്ര കല്ലിട്ടാലും പിഴുതെറിയും. കല്ല് പിഴുതെറിയല്‍ നിയമലംഘനമെങ്കില്‍ ശിക്ഷ അനുഭവിക്കാനും തയ്യാറാണ്. പദ്ധതിക്ക് വേണ്ടി ഭൂമി നഷ്ടമാകുന്നവര്‍ മാത്രമല്ല, കേരളം മൊത്തത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഇരകളാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.
Previous Post Next Post