കോട്ടയത്തെ ഭരണസിരാകേന്ദ്രത്തിന് സമീപം മാലിന്യ സംഭരണ കേന്ദ്രമായി ഒരു ഭാര്‍ഗവീ നിലയം


ഹരികുമാർ

കോട്ടയം: ഭരണസിരാ കേന്ദ്രമായ കളക്‌ട്രേറ്റിന്റെ മൂക്കിനു താഴെയാണ് ഭയാനകമായ ഈ ഭാര്‍ഗവീ നിലയം. കളക്‌ട്രേറ്റ് വാര്‍ഡില്‍ വര്‍ഷങ്ങളായി ആള്‍പ്പാര്‍പ്പില്ലാതെ അടച്ചുപൂട്ടിയ നിലയില്‍ അനാഥമായിക്കിടക്കുന്ന ഈ തകര്‍ന്ന വീട് ഇന്ന് ജനങ്ങളുടെ      സ്വൈര്യ ജീവിതത്തിന് വലിയ ഭീക്ഷണി ഉയര്‍ത്തുന്നു.  

നഗരവാസികളുടെ മാലിന്യ നിക്ഷേപ കേന്ദ്രമായി ഇവിടം മാറിയിട്ട് നാളുകളെറെയായി. സ്‌കൂട്ടറിലും കാറിലുമെത്തി മാലിന്യക്കൂടുകള്‍ വീടിൻ്റെ വളപ്പിനുള്ളിലേക്ക്  വലിച്ചെറിയുന്നത് ഒരു പതിവ് കാഴ്ചയാണ്.

തകര്‍ന്ന ചുറ്റുമതിലും തുരുമ്പിച്ച് താറുമാറായ ഗേറ്റുമായി, നഗര ഹൃദയത്തില്‍ സ്ഥിഥി ചെയ്യുന്ന ഈ മാലിന്യക്കൂമ്പാരം,  ക്ലീന്‍ - ഗ്രീന്‍ നഗരമെന്ന് അഭിമാനിക്കുന്ന കോട്ടയത്തിന് വലിയ നാണക്കേടാണെന്ന് തദ്ദേശ വാസികള്‍ പറയുന്നു. 

മഴ പെയ്യുമ്പോഴാണ് ഏറ്റവും വലിയ ദുരിതം. കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ അവശിഷ്ടങ്ങള്‍ റോഡുകളിലേക്ക് ഒഴുകിയെത്തും. പെരുച്ചാഴിയുടെയും വിഷ സര്‍പ്പങ്ങളുടെയും വിഹാര കേന്ദ്രമായ ഈ തകര്‍ന്ന കെട്ടിടം ശാന്തി ഭവന്‍ അഗതിമന്ദിരത്തിനും റെയില്‍വേ ക്രോസിനുമിടയില്‍ മുട്ടമ്പലം നേതാജി റോഡിലെ നാല്‍ക്കവലയിലാണ് സ്ഥിതി ചെയ്യുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. 

ഇതിനോടു ചേര്‍ന്ന് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയവും, സമീപത്തായി ധാരാളം വീടുകളുമുണ്ട്. സദാ ദുര്‍ഗന്ധ പൂരിതമായ അന്തരീക്ഷമായതിനാല്‍ മൂക്കുപൊത്താതെ നടക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം കൂടിയാണിവിടം. ഇത് തദ്ദേശ വാസികള്‍ക്ക് വലിയ ഭീക്ഷണിയായി മാറിയിരിക്കുന്നു. 

പല തവണ സമീപ വാസികള്‍ പരാതിപ്പെട്ടെങ്കിലും യാതൊരുവിധ പ്രതികരണവുമില്ല. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന അഭ്യര്‍ഥനയാണ് തദ്ദേശ വാസികള്‍ക്കുള്ളത്.
أحدث أقدم