കോട്ടയം : പ്രീമിയർ ട്രെയിനുകൾക്ക് 'ഡൈനാമിക് ടിക്കറ്റ് ചാർജ് ' എന്ന പേരിൽ കഴിഞ്ഞവർഷം നടപ്പാക്കിയ രീതിയിലുള്ള യാത്രാക്കൂലി വർദ്ധനവ് മറ്റ് എക്സ്പ്രസ് ട്രെയിനുകൾക്കു കൂടി ബാധകമാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന്, കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്.
അത്തരം ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ചാർജ് വർധിപ്പിക്കുന്ന രീതിക്കാണ്, 'ഡൈനമിക് ചാർജ് ' വർദ്ധനവ്, എന്നു പേര് കൊടുത്തിരിക്കുന്നത്. ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മംഗള എക്സ്പ്രസ് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾക്ക് അത് ജൂൺ ഒന്നു മുതൽ ബാധകമാകും. ഇപ്രകാരമുള്ള വർദ്ധനവ് പ്രീമിയർ ട്രെയിനുകളിൽ കഴിഞ്ഞവർഷം ഏർപ്പെടുത്തിയപ്പോൾ, സാധാരണ എക്സ്പ്രസ് ട്രെയിനുകൾക്ക് അപ്രകാരം ചാർജ് വർദ്ധിപ്പിക്കാൻ ഉദ്ദേശമില്ല എന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിനൊക്കെ വിരുദ്ധമായാണ്, പെട്ടെന്ന് ഈ രീതിയിലുള്ള ചാർജ് വർധനവ് പുതുതായി നടപ്പാക്കുന്നത്.10 ശതമാനം മുതൽ 50 ശതമാനം വരെ വർദ്ധനവ് ഈ രീതിയിൽ വരാവുന്നതാണ്. തോമസ് പറഞ്ഞു.
ഈ രീതിയിൽ ടിക്കറ്റ് ചാർജ് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും,തോമസ് ഇ മെയിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ട്.