ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയെ വിലയ്ക്കെടുക്കാന്‍ സാധിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ




ലാഹോര്‍: അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നേരിടുന്നതിന് മുമ്ബായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയേയും ഇവിടുത്തെ ഭരണസംവിധാനത്തെയും വാനോളം പുകഴ്ത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 

ഇന്ത്യയും അവിടത്തെ ജനങ്ങളും വളരെയേറെ അഭിമാനമുള്ളവരാണെന്നും ലോകത്തിലെ ഒരു വന്‍ ശക്തിക്കും ഇന്ത്യയെ വിലക്കെടുക്കാന്‍ സാധിക്കില്ലെന്നും ഇമ്രാന്‍ ഖാൻ പറഞ്ഞു.

തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തെ സഹായിക്കുന്നത് വിദേശശക്തികളാണെന്ന് അമേരിക്കയുടെ പേര് സൂചിപ്പിക്കാതെ ഇമ്രാന്‍ ആവര്‍ത്തിച്ചു. പാകിസ്ഥാൻ്റെ പരമാധികാരം പാക് ജനതയുടെ കൈയിലാണെന്നും എന്ത് വിലകൊടുത്തും അത് കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ജനങ്ങളോടായി പറഞ്ഞു. 

ഇനി ഭാവിയില്‍ ആര് അധികാരത്തില്‍ വന്നാലും ലോകശക്തികളായ മറ്റ് രാജ്യങ്ങള്‍ പറയുന്നതു പോലെ മാത്രമേ അവര്‍ പാകിസ്ഥാന്റെ ഭരണം നടത്തുകയുള്ളൂവെന്നും അത് ഒരുകാലത്തും അനുവദിച്ചുകൊടുക്കരുതെന്നും ഇമ്രാന്‍  പറഞ്ഞു.

പാകിസ്ഥാനില്‍ നടക്കുന്നത് കുതിരക്കച്ചവടമാണെന്നും ജനപ്രതിനിധികളെ കാലിച്ചന്തയിലെ മാടുകളെപോലെ ലേലം വിളിക്കുകയാണെന്നും ഇമ്രാന്‍ പറഞ്ഞു. യുവജനതയാണ് രാജ്യത്തിന്റെ ശക്തിയെന്നും എന്നാല്‍ ജനപ്രതിനിധികളെ ഇത്തരത്തില്‍ കച്ചവടം ചെയ്യുന്നത് എന്തു തരത്തിലുള്ള ഉദാഹരണമാണ് യുവാക്കള്‍ക്ക് നല്‍കുന്നതെന്നും ഇമ്രാന്‍ ചോദിച്ചു.


Previous Post Next Post