ആദ്യം ബിജെപിക്കൊപ്പം കെ റെയില്‍ കല്ല് പിഴുതു; പിന്നീട് സിപിഐഎം പ്രവർത്തകർക്കൊപ്പം കുഴിച്ചിട്ടു; അനുകൂലികള്‍ക്കും പ്രതികൂലികള്‍ക്കുമിടയില്‍ വീട്ടമ്മ


തിരുവനന്തപുരം: കെ റെയില്‍ സര്‍വ്വേയ്ക്കിടെ സില്‍വര്‍ ലൈന്‍ പദ്ധതി അനുകൂലികള്‍ക്കും പ്രതികൂലികള്‍ക്കുമിടയില്‍ കുടുങ്ങി സ്ഥലമുടമകള്‍. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച സര്‍വ്വേക്കല്ല് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം പിഴുതെറിഞ്ഞ വീട്ടമ്മ അതേയിടത്ത് സിപിഐഎം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കല്ല് വീണ്ടും കുഴിച്ചിട്ടു. ആറ്റിങ്ങല്‍ നഗരസഭയിലെ 28-ാം വാര്‍ഡിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് കെ റെയില്‍ അധികൃതരും പൊലീസുമെത്തി ആറ്റിങ്ങല്‍ സ്വദേശിനിയായ മഞ്ജുവിന്റെ പുരയിടത്തില്‍ കല്ല് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിജെപിക്കാര്‍ കെ റെയിലിനെതിരെ പ്രക്ഷോഭവുമായെത്തിയപ്പോള്‍ മഞ്ജു കല്ല് പിഴുതെടുത്ത് വാമനപുരം പുഴയില്‍ എറിഞ്ഞു. പിന്നീട് മഞ്ജുവിന്റെ വീട്ടിലെത്തിയ സിപിഐഎം പ്രവര്‍ത്തകര്‍ വിട്ടുകൊടുക്കുന്ന ഭൂമിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പുനല്‍കി. തുടര്‍ന്ന് മഞ്ജു സിപിഐഎം പ്രവര്‍ത്തകര്‍ക്കൊപ്പം കല്ല് പുനസ്ഥാപിക്കുകയായിരുന്നു. അര്‍ഹിക്കുന്ന നഷ്ടപരിഹാരം ലഭിച്ചാല്‍ ഭൂമി നല്‍കാമെന്നാണ് മഞ്ജുവിന്റെ ഇപ്പോഴത്തെ നിലപാട്.
أحدث أقدم