തിരുവല്ല : ദക്ഷിണാഫ്രിക്കൻ ഓൺലൈൻ ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ എട്ട് വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഏഴുവയസ്സുകാരൻ മലയാളി ബാലൻ ജോഹൻ ഈപ്പന് കിരീടം.
ദക്ഷിണാഫ്രിക്കൻ ഓവർ ദി ബോർഡ് ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും ഈ ബാലൻ നേടി.
തിരുവല്ല കുറ്റൂർ കല്ലറക്കൽ വീട്ടിൽ പ്രമോദ് ഈപ്പന്റെയും ചങ്ങനാശേരി ചിറത്തലാട്ട് വീട്ടിൽ റെജീല നൈനാന്റെയും മകനാണ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ താമസിക്കുന്ന ജോഹൻ എന്ന കൊച്ചു മിടുക്കൻ.
ദക്ഷിണാഫ്രിക്കയിലെ ചെസിന്റെ ദേശീയ ഭരണ സമിതിയായ ചെസ്സ് ദക്ഷിണാഫ്രിക്കയാണ് രണ്ട് ടൂർണമെന്റുകളും സംഘടിപ്പിച്ചത്.
ഫൈനൽ നോക്കൗട്ട് റൗണ്ട് ഉൾപ്പെടെ 14 കുട്ടികളുമായി മൂന്ന് ഘട്ടങ്ങളിലായാണ് ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഓവർ ബോർഡ് ടൂർണമെന്റിൽ ജോഹൻ 11 റൗണ്ടുകൾ കളിക്കുകയും 10 ഗെയിമുകൾ വിജയിക്കുകയും ചെയ്തു.
നാലാം വയസ്സിൽ അച്ഛനും മൂത്ത സഹോദരൻ ഇ ഥനും കളിക്കുന്നത് കണ്ട് ചെസ്സ് കളിക്കാൻ പഠിച്ച ജോഹൻ, താമസിയാതെ വിവിധ ടൂർണമെന്റുകളിൽ കളിക്കാൻ തുടങ്ങി.
കഴിഞ്ഞ വർഷം, ആറാമത്തെ വയസ്സിൽ, 8 വയസ്സിന് താഴെയുള്ള ദക്ഷിണാഫ്രിക്കൻ ഓൺലൈൻ ദേശീയ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തെത്തി
ചെസ്സ് കളിക്കുന്നത് ആസ്വദിക്കുന്നുണ്ടെങ്കിലും, അവന്റെ താൽപര്യം ക്രിക്കറ്റാണ്. ആരാധനാപാത്രം വിരാട് കോഹ്‌ലിയും.
ഗ്രീസിലെ വേൾഡ് കേഡറ്റ് റാപ്പിഡ്, ബ്ലിറ്റ്സ്, സാംബിയയിൽ നടക്കുന്ന ആഫ്രിക്കൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ് എന്നിവയുൾപ്പെടെ വരാനിരിക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജോഹൻ.