‘അതിഥി’മീനിൽ രാസവസ്തുക്കൾ ; ഒരുവർഷത്തിലധികമായി പരിശോധനയില്ല, ചീഞ്ഞ മീൻ എങ്ങനെ കണ്ടെത്താം?



തിരുവനന്തപുരം:ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് വീണ്ടും പഴകിയതും രാസവസ്തുക്കൾ ചേർത്തതുമായ മീൻ വിപണിയിലെത്തുന്നു. മതിയായ ശീതീകരണസംവിധാനമില്ലാത്ത വാഹനങ്ങളിൽ എത്തുന്ന മീൻ ചീഞ്ഞുപോകാതിരിക്കാനാണ് രാസവസ്തുക്കൾ ചേർക്കുന്നത്.

തമിഴ്‌നാട്, കർണാട, ഒഡിഷ, ഗോവ എന്നിവിടങ്ങളിൽനിന്ന് എത്തുന്ന മീൻ ദിവസങ്ങൾ കഴിഞ്ഞാണ് വിപണിയിലെത്തുന്നത്. നാലുദിവസമായി സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം നടത്തുന്ന പരിശോധനകളിൽ ആയിരത്തിലധികം കിലോഗ്രാം മീൻ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്.

ഫോർമാലിൻ, സോഡിയം ബെൻസോയേറ്റ്, സിൽവർ ഹൈഡ്രജൻ പെറോക്സൈഡ് തുടങ്ങിയ രാസവസ്തുക്കൾ ചേർക്കുന്നെന്നാണ് സംശയം. ഒരുവർഷത്തിലധികമായി കാര്യമായ പരിശോധനകൾ നടത്താതിരുന്നത് രാസവസ്തുക്കൾ ചേർത്ത മീൻ കേരളത്തിലേക്ക് പതിവായി എത്തുന്നതിന് കാരണമായി. നേരത്തേ ചെക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തിയിരുന്നു.

വേനൽക്കാലമായതോടെ കേരളത്തിൽ നിന്നുള്ള മത്സ്യത്തിന്റെ അളവ് കുറഞ്ഞതിനാൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നത് കൂടിയിട്ടുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

മീൻ കേടാകാതിരിക്കാൻ ഫോർമാലിനാണ് ഉപയോഗിക്കുന്നത്. സിൽവർ ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ വെള്ളം മീനിൽ തളിക്കുന്നുണ്ടെന്നും സംശയിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ പുതുമ നിലനിർത്തുന്നതിനും അപകടകാരികളായ ബാക്ടീരിയകളെയും മറ്റും തടയുന്നതിനുമാണ് സോഡിയം ബെൻസോയേറ്റ് ഉപയോഗിക്കുന്നത്. ഇതിന്റെ ഉപയോഗത്തിന് അളവ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും മീനിൽ ഉപയോഗിക്കുന്നതിന് ഒരു മാനദണ്ഡവും പാലിക്കുന്നില്ല.

ചീഞ്ഞ മീൻ എങ്ങനെ കണ്ടെത്താം

🦈കേടാകാത്ത മത്സ്യത്തിന്റെ ചെകിളപ്പൂക്കൾ സ്വാഭാവിക ആകൃതിയോടെയും നല്ല ചുവപ്പ് നിറത്തിലുള്ളതുമായിരിക്കുംദുർഗന്ധമുണ്ടാകില്ല.

🦈കേടാകാത്ത മത്സ്യത്തിന് സ്വാഭാവിക തിളക്കമുണ്ടാകും. കണ്ണുകൾ സ്വാഭാവിക തിളക്കമുള്ളതും കുഴിയാത്തതുമായിരിക്കും. ദുർഗന്ധമുണ്ടാകില്ല.

🦈 കേടാകാത്ത മത്സ്യത്തിന്റെ പ്രതലത്തിൽ വിരൽകൊണ്ട് അമർത്തിയാൽ താഴ്ന്നുപോവുകയും ഉടൻ പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യും. കേടായ മത്സ്യത്തിൽ അമർത്തിയാൽ പൂർവസ്ഥിതി പ്രാപിക്കില്ല.
أحدث أقدم