വധഗൂഢാലോചന കേസ് : മഞ്ജു വാര്യരുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്






കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ  നടി മഞ്ജു വാര്യരുടെ  മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വർഗീസിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് നടിയുടെ മൊഴിയെടുത്തത്.

 ഗൂഢാലോചന സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതായിരുന്നു നടപടി. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത് ദിലീപിന്റെ മുൻ ഭാര്യ കൂടിയായ മഞ്ജു വാര്യരായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ദിലീപിലേക്ക് എത്തുന്നതും പ്രതി ചേർക്കപ്പെടുന്നതും. 

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ അന്വേഷണവുമായി കേരളാ പൊലീസിന് മുന്നോട്ട് പോകാമെന്ന ഹൈക്കോടതി വിധി വന്നതോടെ അന്വേഷണം ഊർജിതമാണ്. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹർജി തള്ളിയ ഹൈക്കോടതി, എഫ്ഐആർ റദ്ദാക്കില്ലെന്നും വ്യക്തമാക്കുകയായിരുന്നു. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് വധ ഗൂഢാലോചനാ കേസിലുള്ളത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും ബന്ധുക്കളും ‘പദ്മസരോവരം’ എന്ന വീട്ടിലിരുന്ന് ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറാണ് ഇത്തരത്തിൽ ഒരു ഗൂഢാലോചന നടന്നുവെന്ന് നാല് വർഷത്തിന് ശേഷം ഒരു മാധ്യമത്തിലൂടെ തുറന്നുപറഞ്ഞത്. അതുകൊണ്ട് തന്നെ ഈ കേസിന്‍റെ ഭാവി നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്.


أحدث أقدم