ബി സീരിയസ്, പാർട്ടി ശക്തിപ്പെടാന്‍ കുറുക്കുവഴികളില്ല’; നേതാക്കളോട് സോണിയ


ന്യൂ‍ഡൽഹി∙ ചിന്തൻ ശിബിരത്തെ ഗൗരവത്തിലെടുക്കണമെന്ന് നിർദേശിച്ചും ജി 23 നേതാക്കളെ പരോക്ഷമായി വിമർശിച്ചും കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അധ്യക്ഷ സോണിയ ഗാന്ധി. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനു കുറുക്കുവഴികളോ മാന്ത്രികവടിയോ ഇല്ല. വ്യക്തി താൽപര്യത്തിന് അതീതമായ പ്രവർത്തനം, ഐക്യം, നിശ്ചയദാർഢ്യം, അച്ചടക്കം തുടങ്ങിയവ ആവശ്യമാണ്.

പാർട്ടി നമുക്കായി നൽകിയതിനെ തിരികെ നൽകാനുള്ള സമയമാണിതെന്നും സോണിയ പറഞ്ഞു. ചിന്തൻ ശിബിരത്തിനായി രൂപീകരിച്ചിട്ടുള്ള ആറ് സമിതികൾ സമർപ്പിച്ച റിപ്പോർട്ടുകളിൽ വിശദമായ ചർച്ച പ്രവർത്തക സമിതി യോഗത്തിൽ നടന്നു. 13 മുതൽ 15 വരെ ഉദയ്പുരിലാണ് ചിന്തൻ ശിബിരം.


Previous Post Next Post