മത്സരയോട്ടം; വീട്ടിലേക്ക് ഇടിച്ചുകയറിയ സ്വകാര്യ ബസിനടിയില്‍പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം



കൊല്ലം : മത്സരയോട്ടം നടത്തിയ സ്വകാര്യ ബസ് വീട്ടിലേക്ക് ഇടിച്ചു കയറുന്നതിനിടെ ബൈക്കില്‍ ഇടിച്ച് യുവാവ് മരിച്ചു. തൃക്കടവൂര്‍ നീരാവില്‍ ഇസ്മായിലിന്റെ മകന്‍ നൗഫല്‍ (24) ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് സാരമായി പരുക്കേറ്റു.

 കൊല്ലം - തേനി ദേശീയ പാതയില്‍ കുഴിയം കാപ്പെക്‌സിന് എതിര്‍ വശത്താണ് അപകടം ഉണ്ടായത്.
സമീപത്തെ മറ്റൊരു വീടിന്റെ മതിലും ഇടിച്ചു തകര്‍ത്താണ് ബസ് നിന്നത്. ബസിടിച്ച് ഭാഗികമായി തകര്‍ന്ന വീട്ടിലുണ്ടായിരുന്ന ഗൃഹനാഥന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 

കൊല്ലം- ഏനാത്ത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസായ സെന്റ് ജൂഡിന്റെ അമിത വേഗമാണ് അപകടത്തിനു കാരണമായത്. സമയക്രമം ഓട്ടത്തില്‍ വീണ്ടെടുക്കാനായി പിന്നാലെ വന്ന മറ്റൊരു സ്വകാര്യ ബസുമായി മത്സരയോട്ടം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ട് പാഞ്ഞ ബസ് കാപ്പക്‌സിന് എതിരെ റോഡ് വശത്ത് നന്ദനത്തില്‍ നന്ദകുമാരന്‍പിള്ളയുടെ വീടിന്റെ മുന്‍വശത്തേക്കും രഞ്ജിത്ത്‌നിവാസില്‍ രഞ്ജിത്തിന്റെ വീടിന്റെ മതിലിലേക്കും ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ ബസ് വട്ടം കറങ്ങുമ്പോഴാണ് അഞ്ചാലുംമൂട് നിന്ന് കുണ്ടറ ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന നൗഫലിനെ ഇടിച്ച് തെറിപ്പിച്ചത്.

ബസിന്റെ മുന്നില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന മുളവന സ്വദേശിനിയായ യുവതി മുന്നിലെ ചില്ലുകള്‍ തകര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണെങ്കിലും പരിക്കേല്‍ക്കേതെ രക്ഷപ്പെട്ടു. ബസിടിച്ച് റോഡു വശത്തേക്ക് തെറിച്ചു വീണ് നൗഫല്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

പൊലീസും നാട്ടുകാരും ചേര്‍ന്ന് ബസ് യാത്രക്കാരെ സ്വകാര്യ ആശുപത്രികളിലെത്തിച്ചു.
വെല്‍ഡിങ് തൊഴിലാളിയായ നൗഫല്‍ ജോലിക്കായി കുണ്ടറ ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടത്തിനിരയായത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടു നല്‍കിയ മൃതദേഹം കുരീപ്പുഴ മുസ്ലിം ജുമാമസ്ജിദില്‍ കബറടക്കി. അമ്മ: നെസീല, സഹോദരന്‍ മുസ്തഫ..

Previous Post Next Post