വി‍ജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ് യുഎഇ പൊലീസിന് കൈമാറി

കൊച്ചി :  നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിർമാതാവുമായ വി‍ജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ് യുഎഇ പൊലീസിന് കൈമാറി. കൊച്ചി സിറ്റി പൊലീസിന്‍റേതാണ് നടപടി.

വിജയ് ബാബു യുഎഇയിൽ എവിടെയുണ്ടെന്ന കാര്യത്തില്‍ കൊച്ചി പൊലീസിന് വ്യക്തയില്ല.

ഇത് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പൊലീസിന് വാറന്‍റ് കൈമാറിയത്. അവരുടെ മറുപടി കിട്ടിയ ശേഷം തുടർനടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

വി‍ജയ് ബാബുവിനെതിരെ അന്വേഷണ സംഘം നേരത്തെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കേസില്‍ പ്രതിയായതോടെ വിദേശത്തേക്ക് മുങ്ങിയ വിജയ് ബാബുവിനെതിരെ ഇന്‍റര്‍പോള്‍ സഹായത്തോടെയാണ് പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയത്.

നടിയുടെ പരാതിയില്‍ ചോദ്യം ചെയ്യുന്നതിന് ഹാജരാകാൻ പല തവണ നോട്ടീസ് നല്‍കിയിട്ടും വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് വിജയ് ബാബുവിനെതിരെ കര്‍ശന നടപടികളിലേക്ക് നീങ്ങാൻ പൊലീസ് തീരുമാനിച്ചത്.

ബിസിനസ് ആവശ്യാര്‍ത്ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താൻ കഴിയുകയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പൊലീസിനെ അറിയിച്ചിരിക്കുന്നത്.

മുൻകൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയ ഇയാള്‍ അപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതുവരെ നാട്ടില്‍ വരാതെ മാറി നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊലീസിന് വ്യക്തമായിരുന്നു. 

വേനല്‍ അവധിക്ക് ശേഷം ഈ മാസം പതിനെട്ടിന് ശേഷം മാത്രമേ വിജയ് ബാബുവിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ. ഇത് മുന്നില്‍ കണ്ടാണ് വിജയ് ബാബു കീഴടങ്ങാൻ പത്തൊമ്പതാം തീയതി വരെ സമയം ചോദിച്ചത്.

എന്നാല്‍ ഗൗരവ സ്വഭാവമുള്ള കേസില്‍ വിജയ ബാബുവിന് സമയം അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് പൊലീസ്.

വിജയ് ബാബുവിന്‍റെ ദുബൈയിലെ വിലാസം കണ്ടെത്തിയ പൊലീസ് ക്രൈംബ്രാഞ്ച് മുഖേനയാണ് ഇന്‍റര്‍പോളിന്‍റെ സഹായം തേടിയത്.
Previous Post Next Post