ഒമാനില്‍ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളും അടക്കുന്നു; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍

 


മസ്‌കറ്റ്: ഒമാനിലെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂളുകളും ജൂണ്‍ പത്തിന് അടിക്കുന്നതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്താന്‍ തുടങ്ങി. സ്‌കൂളുകള്‍ തുറക്കുന്ന ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ കേരളത്തില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രാ നിരക്കുകളും ഉയര്‍ന്നതാണ്. ജൂണ്‍ 10 മുതല്‍ 20 വരെയാണ് രാജ്യത്ത് വേനലവധി ആരംഭിക്കുന്നത്. ഓഗസ്റ്റ് 10 ഓടെ തുറന്നുപ്രവര്‍ത്തിക്കുകയും ചെയ്യും. ജൂണ്‍ ഒമ്പത് വരെ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും കുറഞ്ഞ നിരക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഈ മാസം ചില ദിവസങ്ങളില്‍ മസ്‌കറ്റില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 47 റിയാലിന് വരെ ടിക്കറ്റുകളുണ്ട്. ചില ദിവസങ്ങളില്‍ മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കും 43 റിയാലിന് ടിക്കറ്റുകളുണ്ട്. എന്നാല്‍, കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ടിക്കറ്റ് നിരക്കുകളും കൂടുതലാണ്. ജൂണ്‍ 10 മുതല്‍ കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്ക് 119 റിയാലാണ്. 17 ന് 161 റിയാലായി ഉയരും. തിരുവനന്തപുരത്തേക്ക് 109 റിയാലാണ്. 17 ന് 148 റിയാലായി ഉയരുന്നുണ്ട്. കണ്ണൂരിലേക്ക് ജൂണ്‍ ഒമ്പതിനു തന്നെ 137 ആണ് നിരക്ക്. കേരളത്തില്‍ നിന്ന് ഒമാനിലേക്കുള്ള നിരക്കുകളും വര്‍ധിക്കും. തിരുവനന്തപുരം സെക്ടറില്‍ നിന്ന് മസ്‌കറ്റിലേക്ക് ജൂണ്‍ ആദ്യത്തില്‍ തന്നെ 100 റിയാലില്‍ അധികമാകുന്നുണ്ട്.

Previous Post Next Post