കോഴിക്കോട്: ഹണിട്രാപ്പ് മോഡൽ കവർച്ച നടത്തിയ പ്രതികൾ പോലീസിന്റെ വലയിലായി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ നിർമ്മിച്ച് ഹണിട്രാപ്പിലൂടെ ഇവർ നിശ്ചയിക്കുന്ന ഒരു സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും പണവും മൊബൈൽ ഫോണും മറ്റു വിലപിടിച്ച വസ്തുക്കളും കവർന്നെടുക്കുകയുമാണ് ഇവരുടെ രീതി.
റെയിൽവേ സ്റ്റേഷന് സമീപം ആനിഹാൾ റോഡിൽവെച്ച് കാസർഗോഡ് സ്വദേശിയുടെ മൊബൈലും പണവും കവർന്ന അരീക്കാട് പുഴക്കൽ വീട്ടിൽ അനീഷ.പി, നല്ലളം ഹസ്സൻഭായ് വില്ലയിൽ ഷംജാദ് പി.എം എന്നിവരാണ് ടൗൺ പൊലീസിന്റെ പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാസർഗോഡ് ചന്ദ്രഗിരി സ്വദേശിയായ യുവാവിനെ കാണണം എന്ന് പറഞ്ഞ് യുവതി കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കോഴിക്കോട്ടെത്തിയ യുവാവിനെ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി മർദ്ദിച്ച് കവർച്ച നടത്തിയ ശേഷം ഉപേക്ഷിക്കുകയും ചെയ്തു.
സമാന സംഭവങ്ങൾ നിരവധി ഉണ്ടാവാറുണ്ടെങ്കിലും മാനഹാനി ഭയന്ന് പലരും പുറത്തു പറയാറില്ല. പ്രതികൾ നിരവധി കേസുകളിൽ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.