ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ ‘പത്മസരോവരം’ വീട്ടിൽ; കാവ്യാ മാധവനെ ചോദ്യംചെയ്യുന്നുകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുന്നു. ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍വെച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. രാവിലെ 11.30-ഓടെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലുവയിലെ വീട്ടിലെത്തിയത്. കാവ്യാ മാധവന്റെ അമ്മ അടക്കമുള്ളവര്‍ വീട്ടിലുണ്ട്.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്‍. കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെയാണ് കാവ്യാ മാധവനെയും ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. കാവ്യാ മാധവനെക്കുറിച്ച് പരാമര്‍ശിക്കുന്ന ചില ശബ്ദരേഖകളും മറ്റും പുറത്തുവന്നതിന് പിന്നാലെ നടിയെ വിശദമായി തന്നെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനമെടുക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വീട്ടില്‍വെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യാ മാധവന്റെ നിലപാട്. എന്നാല്‍ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ബുദ്ധിമുട്ടും സൗകര്യക്കുറവും ചൂണ്ടിക്കാണിച്ച് ക്രൈംബ്രാഞ്ച് സംഘം അന്ന് ചോദ്യംചെയ്യല്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ചോദ്യംചെയ്യലിനായി മറ്റൊരിടം തിരഞ്ഞെടുക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും കാവ്യാ മാധവന്‍ നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെയാണ് ചോദ്യംചെയ്യലിന് ഹാജരാകുന്ന സ്ഥലം ഉള്‍പ്പെടെ അറിയിക്കാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കിയത്.
Previous Post Next Post