സ്ത്രീയും പുരുഷനും ഒരുമിച്ച് റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാൻ പാടില്ല; വിലക്കുമായി താലിബാൻ

 

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവിശ്യയായ ഹെറാത്തിലെ റെസ്റ്ററന്റുകളിൽ ലിംഗ വേർതിരിവ് പദ്ധതി നടപ്പാക്കി താലിബാൻ. ഇനി മുതൽ ഫാമിലി റെസ്റ്റോറന്റുകളിൽ ആണുങ്ങൾ കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിക്കാൻ പാടില്ലെന്നാണ് താലിബാന്റെ ഉത്തരവ്. "ഭാര്യ ഭർത്താക്കന്മാരാണെങ്കിൽകൂടി" ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ലെന്നാണ് റസ്റ്റോറന്റ് ഉടമകളോട് താലിബാൻ നിർദ്ദേശിച്ചിരിക്കുന്നതെന്ന് ആചാരം പ്രോത്സാഹിപ്പിക്കാനായി രൂപീകരിച്ച മന്ത്രാലയത്തിന്റെ വക്താവ് റിയാസുല്ല സീറത്ത് പറഞ്ഞു. വ്യാഴാഴ്ച ഹെറാത്ത് പ്രവിശ്യയിലെ ഒരു റസ്റ്റോറന്റിലെത്തിയ തന്നോടും ഭർത്താവിനോടും വെവ്വേറെ ഇരിക്കണമെന്ന് ഹോട്ടൽ ഉടമ നിർദ്ദേശിച്ചതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുവതി പറഞ്ഞു.ഹെറാത്തിലെ പൊതു പാർക്കുകളിൽ ലിംഗ വേർതിരിവ് പാലിക്കണമെന്നും റിയാസുല്ല സീറത്ത് പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും വെവ്വേറെ ദിവസങ്ങളിൽ മാത്രമേ പാർക്കുകളിൽ എത്താന പാടുള്ളൂ എന്ന് റിയാസുല്ല പറഞ്ഞതായി ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. "വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സ്ത്രീകൾക്ക് പാർക്കുകളിൽ പോകാം. മറ്റ് ദിവസങ്ങൾ പുരുഷന്മാരുടെ വിനോദത്തിനും വ്യായാമത്തിനുമായി നീക്കിവെച്ചിരിക്കുകയാണ്." റിയാസുല്ല പറയുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തതു മുതൽ സ്ത്രീകളേയും പുരുഷന്മാരെയും വിഭജിക്കുന്ന നിരവധി നിയമങ്ങളാണ് താലിബാൻ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.ഒരു സ്ത്രീ അവളുടെ വീടിനു പുറത്തിറങ്ങുമ്പോൾ മുഖം മറച്ചിട്ടില്ലെങ്കിൽ അവളുടെ പിതാവിനെയോ അടുത്ത ബന്ധുവായ പുരുഷനേയോ വിളിച്ചു വരുത്തി തടവിലാക്കുകയോ സർക്കാർ ജോലിയിൽ നിന്നു പിരിച്ചു വിടുകയോ ചെയ്യുമെന്ന് കഴിഞ്ഞയാഴ്ച താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ പറഞ്ഞിരുന്നു.

Previous Post Next Post