തൃശ്ശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് വൻ പാൻ മസാല വേട്ട. പതിനഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പ്പന്നങ്ങൾ എക്സൈസ് പിടികൂടി. രണ്ട് പേർ അറസ്റ്റിൽ. ശനിയാഴ്ച പുലർച്ചെ എക്സൈസ് ക്രൈംബ്രാഞ്ച് അസി.കമ്മീഷണർ ടി.എം മജു, കൊടുങ്ങല്ലൂർ റെയ്ഞ്ച് ഇൻസ്പെക്ടർ ഷാംനാഥ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന ഇരുപത്തി അയ്യായിരം പാക്കറ്റ് പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപള്ളി കുലശേഖരപുരം സ്വദേശികളായ രാഹുൽ, അജ്മൽ എന്നിവരെ അറസ്റ്റ് ചെയ്തു. മംഗലാപുരത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് പുകയില ഉത്പ്പന്നങ്ങൾ കൊണ്ടു പോകുന്നതിനിടയിലാണ് ഇവർ പിടിയിലായത്. പ്രിവന്റീവ് ഓഫീസർ മാരായ സാലിഹ്, ഫൈസൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വി. ബാബു, കെ.എ ബാബു, ജോഷി, ഡ്രൈവർ ഷിജു ജോർജ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
തൃശൂരിൽ വൻ പാൻമസാല വേട്ട; 15 ലക്ഷം രൂപയുടെ നിരോധിത ഉൽപ്പന്നങ്ങളുമായി 2 പേർ പിടിയിൽ
jibin
0
Tags
Top Stories