കെയ്റോ: വിവാഹാഭ്യാർത്ഥന നിരസിച്ചതിന് ഈജിപ്തിൽ പട്ടാപകൽ വിദ്യാർത്ഥിനിയെ സർവകലാശാലയ്ക്കു മുന്നിൽ കഴുത്തറുത്ത് കൊന്നു. നയ്റ അഷറഫ് എന്ന വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കെ സഹപാഠിയായ മുഹമ്മദ് ആദേലാണ് നയ്റ അഷറഫിനെ അതി ക്രൂരമായി കൊലപ്പെടുത്തിയത്. അടിച്ചു വീഴ്ത്തിയ ശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുകയും ജനക്കൂട്ടത്തിനു മുന്നിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.
സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുള്ള യുവതിയാണ് നയ്റ അഷറഫ്. മുഹമ്മദ് ആദേൽ പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും നയ്റ നിരസിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ പിന്തുടർന്നും ഇയാൾ ശല്യപ്പെടുത്തി. ഇതേത്തുടർന്ന് മുഹമ്മദിനെ അവൾ സമൂഹമാധ്യമങ്ങളിൽ ബ്ലോക്ക് ചെയ്തു. കൂടാതെ ശല്യപ്പെടുത്തുന്നത് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതാണ് പ്രതിയെ അക്രമത്തിന് പ്രേരിപ്പിച്ചത്.
'മകൾക്ക് 21 വയസ് മാത്രമായിരുന്നു പ്രായം. എയർഹോസ്റ്റസ് ആകണമെന്നായിരുന്നു അവളുടെ ആഗ്രഹം. വിവാഹം കഴിക്കാൻ അവൾക്ക് മോഹം ഉണ്ടായിരുന്നില്ല. പ്രണയിച്ചയാളെ വിവാഹം കഴിച്ചില്ലെങ്കിൽ ഇല്ലാതാക്കുകയാണോ ചെയ്യേണ്ടത്. കുറ്റവാളികൾക്ക് രക്ഷപെടാൻ നിയമത്തിൽ നിരവധി പഴുതുകളുള്ള നമ്മുടെ നാട്ടിൽ ഒരു പോറൽ പോലുമില്ലാതെ പ്രതികൾ പുറത്തുവരും.' പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും നയ്റയുടെ പിതാവ് അഷറഫ് അബ്ദുൽ ഖാദർ പറഞ്ഞു.
തന്നെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് നയ്റ പറഞ്ഞതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി മുഹമ്മദ് പോലീസിന് മൊഴി നൽകി. കേസിൽ 20 ഓളം സാക്ഷികളുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
നയ്റയുടെ കൊലപാതകത്തിനു പിന്നാലെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. കൊല്ലപ്പെടാതിരിക്കാൻ സ്ത്രീകൾ ശരീരം മൂടുന്ന വസ്ത്രം ധരിക്കണമെന്ന ടെലിവിഷൻ അവതാരകൻ മബ്റൂഖ് അത്തേയയുടെ പരാമർശം ഇതിനിടെ വിവാദമായി. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം ഉയർന്നെങ്കിലും പോലീസ് തയ്യാറായില്ല. സ്ത്രീ സുരക്ഷയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി കനത്ത പ്രതിഷേധമാണ് ഉയരുന്നത്.