ദിവസവേതനം 63രൂപ, രാവിലെ മുതൽ തോട്ടപ്പണി; വിസ്മയ കേസിലെ പ്രതി കിരണിന്റെ ജയിൽ ജീവിതം




തിരുവനന്തപുരം : സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺകുമാറിന് ജയിലിൽ തോട്ടപ്പണി. രാവിലെ 7.15 മുതലാണ് കിരണിന്റെ ഒരു ദിവസത്തെ ജോലി ആരംഭിക്കുന്നത്. 63 രൂപ ദിവസവേതനമായി ലഭിക്കും. ഒരു വർഷം കഴിഞ്ഞാൽ 127 രൂപ ദിവസവേതനമായി ലഭിക്കും.

പൂജപ്പുര സെൻട്രൽ ജയിലിലെ മതിൽക്കെട്ടനികത്തെ 9.5 ഏക്കറിൽ ചിലഭാഗങ്ങളിൽ കൃഷിയുണ്ട്. ജയിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചിലയിടങ്ങളിൽ അലങ്കാര ചെടികളും നട്ടിട്ടുണ്ട്. കിരൺ ഉൾപ്പടെ തിരഞ്ഞെടുക്കപ്പെട്ട തടവുകാറാണ് ഇത് പരിപാലിക്കേണ്ട ചുമതല. രാിവലെയും ഉച്ചയ്ക്കും ഭക്ഷണത്തിനായി ഇടവേളയുണ്ട്.  വൈകീട്ട് 5.45 വരെയാണ് ജോലി.

ജയിലിലെത്തുന്നവരെ ആദ്യം തന്നെ മതിൽക്കെട്ടിന് പുറത്തുള്ള ജോലികൾ നൽകാറില്ല. ഇക്കാരണത്താലാണ് കിരണിന് തോട്ടപ്പണി ലഭിച്ചത്.
10 വർഷതടവ് ശിക്ഷയും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് കിരണിന് കോടതി വിധിച്ചത്. വിവിധ വകുപ്പുകളിലായി 25 വർഷം ജയിൽ ശിക്ഷ ഉണ്ടെങ്കിലും ശിക്ഷ ഒന്നിച്ചായതിനാൽ 10 വർഷം ജയിലിൽ കഴിഞ്ഞാൽ മതി.

2021 ജൂൺ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിക്കെയാണ് കിരൺ കേസിലകപ്പെടുന്നതും ജോലി തെറിക്കുന്നതും പിന്നാലെ ജയിലിലാകുന്നതും.


Previous Post Next Post