കോട്ടയം : സംരക്ഷിത വനമേഖലയക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവിൽ നിന്നും ഇളവ് തേടി കേരളം സുപ്രീം കോടതിയെ സമീപിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി.
ഇക്കാര്യം ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം നേതാക്കൾ മുഖ്യമന്ത്രിയെ കാണുമെന്ന് ജോസ് കെ മാണി പറഞ്ഞു. കേന്ദ്ര സർക്കാർ തീരുമാനം കേരളത്തിന് അനുകൂലമാക്കുന്നതിന് വേണ്ടി കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് നിവേദനം നൽകും.
സുപ്രീം കോടതി വിധി കേരളത്തിനുണ്ടാക്കുന്ന ആഘാതം വിവരണാതീതമാണ്. കേരളത്തിൽ നിലവിൽ 16 വന്യ ജീവി സങ്കേതങ്ങളും അഞ്ച് ദേശീയ ഉദ്യാനങ്ങളും രണ്ട് കടുവാ സങ്കേതങ്ങളുമുണ്ട്. സുപ്രീം കോടതി വിധി നടപ്പാക്കിയാൽ ആലപ്പുഴയും കാസർ
കോടും ഒഴിച്ച് 12 ജില്ലകളിലും വലിയൊരു മേഖലയിൽ വീട് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലങ്ങ് വീഴും.
സംസ്ഥാനത്തിൻെറ 29.65 % വനപ്രദേശമാണ്. നാലു ലക്ഷം ഏക്കർ പ്രദേശത്ത് നിർമ്മാണത്തിന് വിലക്കുണ്ടായാൽ കേരളത്തിൽ ജനജീവിതം സ്തംഭിക്കും.ഒരു ലക്ഷത്തിലധികം കുടുംബങ്ങൾ വഴിയാധാരമാകും. ഇടുക്കി ജില്ലയിൽ ജീവിതം അസാധ്യമാവും.
ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തിൻ്റെ ലംഘനമാണ്. കേരളത്തിൻ്റെ പ്രത്യേകത നിറഞ്ഞ ഭൂപ്രകൃതിയും ജനസാന്ദ്രതയും സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരണം.
രാജസ്ഥാനിലെ ഒരു വന്യ ജീവി സങ്കേതത്തിലെ ഖനനവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധി കേരളത്തിൻ്റെ നട്ടെല്ലൊടിച്ചതായി ജോസ് കെ മാണി പറഞ്ഞു.ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങൾ പരിസ്ഥിതി ലോല പ്രദേശമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ജോസ് പറഞ്ഞു.