ജോബ് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക!, കല്യാണ്‍ ജ്വല്ലറിയുടെ പേരില്‍ ജോലി തട്ടിപ്പ്: വന്‍ ഓണ്‍ലൈന്‍ തട്ടിപ്പു സംഘം പിടിയില്‍




accused

ജോലി തട്ടിപ്പ് കേസിലെ പ്രതികള്‍

 

തൃശൂര്‍: തൃശൂർ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പേരില്‍ ജോലി തട്ടിപ്പു നടത്തി വന്നിരുന്ന വന്‍ സംഘം തൃശൂര്‍ സിറ്റി സൈബര്‍ പൊലീസിന്റെ പിടിയില്‍. ഇന്ത്യയിലും വിദേശത്തും ശാഖകളുള്ള കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പേരില്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ഷോറൂമുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വന്‍ തുക തട്ടിയെടുത്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

 ഈസ്റ്റ് ദല്‍ഹി ഷക്കര്‍പൂര്‍ നെഹ്‌റു എന്‍ക്ലേവ് സ്‌കൂള്‍ ബ്ലോക്കില്‍  പ്രമോദ് സാവോ (23), ദല്‍ഹി ഫസല്‍പൂര്‍ മാന്‍ഡവല്ലി സ്വദേശി വരുണ്‍ (26), വിശാഖപട്ടണം മുലഗഡേ ഹൌസിങ്ങ് കോളനി ജേക്കബ്ബ് രാജ് (22) എന്നിവരെയാണ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും തൃശൂര്‍ സൈബര്‍ െ്രെകം എസ് ഐ  കെ എസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. 

കല്യാണ്‍ ജ്വല്ലേഴ്‌സ് കോര്‍പ്പറേറ്റ് ഓഫീസ് ജനറല്‍ മാനേജര്‍ കെ ടി ഷൈജു സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സിറ്റി സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സൈബര്‍ ഇന്‍സ്‌പെക്ടര്‍ എ എ അഷ്‌റഫിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കാനായത്.

ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രായവും പരിഗണിച്ചുകൊണ്ടുള്ള ജോലി ഓഫറുകളായിരിക്കും ഇമെയില്‍ വിലാസത്തില്‍ അയച്ചു നല്‍കുക. ഇതിനായി സ്ഥാപനങ്ങളുടെ പേരില്‍ ലെറ്റര്‍പാഡുകളും, രേഖകളും വ്യാജമായി സൃഷ്ടിക്കും. അങ്ങനെ ഉദ്യോഗാര്‍ത്ഥികളെ വിശ്വാസത്തിലെടുത്തായിരുന്നു തട്ടിപ്പെന്നും പൊലീസ് പറയുന്നു.

ഇമെയില്‍ ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍, അതില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുന്നതോടെയാണ് തട്ടിപ്പിന് ഇരയാകുന്നത്. തുടര്‍ന്ന്, തട്ടിപ്പുകാരില്‍ വിശ്വാസം ജനിപ്പിക്കുന്നതിനുവേണ്ടി, ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ, ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ എന്നിവ നടത്തും. 


ഉദ്യോഗാര്‍ത്ഥികള്‍ തട്ടിപ്പുകാരുടെ കെണിയില്‍ വീണു എന്ന് ഉറപ്പുവരുത്തുന്നതോടെ, അഡ്മിഷന്‍ ഫീസ്, ട്രെയിനിങ്ങ് ചാര്‍ജ്, തുടങ്ങി പലവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം ചെറിയ തുകകളായി അവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിക്കുന്നു. നിയമനം ലഭിച്ച് ആദ്യ ശമ്പളത്തോടൊപ്പം നിക്ഷേപിച്ച തുക തിരികെ ലഭിക്കും എന്ന വാഗ്ദാനം കൂടി നല്‍കുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ അത് വിശ്വസിച്ച്  പണം നിക്ഷേപിച്ചതായും പൊലീസ് പറയുന്നു. 

ഉദ്യോഗാര്‍ത്ഥികള്‍ ചെറിയ തുകകളായി പണം നിക്ഷേപിക്കുന്നതുകൊണ്ട് പലപ്പോഴും, പണം നഷ്ടപ്പെട്ട കാര്യത്തിന് പൊലീസില്‍ പരാതി നല്‍കുന്നതിന് വിമുഖത കാണിക്കുന്നു. ഇതാണ് തട്ടിപ്പുകാര്‍ അവരുടെ രീതി വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതിന് കാരണമെന്നും പൊലീസ് പറയുന്നു.

ഇങ്ങനെ പണം നിക്ഷേപിച്ചതിനുശേഷവും, ജോലി ലഭിക്കാതായതോടെ ഏതാനും പേര്‍ കല്യാണ്‍ ജ്വല്ലേഴ്‌സില്‍ സമീപിച്ചപ്പോഴാണ് തട്ടിപ്പു നടക്കുന്ന വിവരം മനസ്സിലായത്. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുമാണ് പണം നഷ്ടമായിട്ടുള്ളത്. കല്യാണ്‍ ജ്വല്ലറിയില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ സ്ഥാപനത്തിന്റെ സത്‌പേരിന് കളങ്കം വന്നതായി പരാതിയില്‍ പറയുന്നു.



Previous Post Next Post