എസ്.എസ്.എൽ.സി. ഫലംവരാൻ അഞ്ചുദിവസം മാത്രം; ഗ്രേസ് മാർക്കിൽ തീരുമാനമായില്ല


ബാലുശ്ശേരി: എസ്.എസ്.എല്‍.സി. ഫലംവരാന്‍ അഞ്ചുദിവസംമാത്രം ബാക്കിയിരിക്കെ ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഇത്തവണ ഗ്രേസ് മാര്‍ക്കുണ്ടാകുമോ അതോ കഴിഞ്ഞവര്‍ഷത്തെപ്പോലെ ബോണസ് മാര്‍ക്ക് തുടരുമോ എന്ന കാര്യത്തില്‍പോലും വിദ്യാഭ്യാസവകുപ്പ് വ്യക്തതവരുത്തിയിട്ടില്ല.

കല, കായിക മത്സര ജേതാക്കള്‍ക്കുപുറമേ സ്റ്റുഡന്റ്സ് പോലീസ് കാഡറ്റ്, എന്‍.സി.സി., സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ലിറ്റില്‍ കൈറ്റ്സ്, ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റുകളില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിവന്നിരുന്നത്. കോവിഡ് കാരണം ഇത്തരംപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞവര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. പകരം, ഉപരിപഠനത്തിന് നിശ്ചിതമാര്‍ക്ക് ബോണസ് പോയന്റായി നല്‍കുകയാണുണ്ടായത്.

കോവിഡ് പിന്‍വാങ്ങി, സ്‌കൂളുകള്‍ സജീവമായ സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്ക് സംവിധാനം തിരികെക്കൊണ്ടുവരുമെന്നായിരുന്നു കുട്ടികളുടെയും അധ്യാപകരുടെയും പ്രതീക്ഷ. എന്നാല്‍, ഇതിനാവശ്യമായ വിവരശേഖരണമോ സര്‍ട്ടിഫിക്കറ്റ് പരിശോധനയോ ഇതുവരെ നടന്നിട്ടില്ല. അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂളുകളില്‍നിന്ന് ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കാനിടയില്ലെന്നാണ് സൂചന. ഇത്തരം സംഘടനകളും അവയ്ക്കുള്ള ഗ്രേസ് മാര്‍ക്കുമാണ് പൊതുവിദ്യാഭ്യാസത്തെ ആകര്‍ഷകമാക്കുന്നത്.


Previous Post Next Post