കാമുകിയുമായി 'ഉല്ലാസത്തിനായി കവർച്ച; കാർഗിലിൽ നിന്ന് നാട്ടിലെത്തിയ സൈനികൻ അറസ്റ്റിൽ




കണ്ണൂർ: കാർഗിലിൽ നിന്ന് നാട്ടിലെത്തിയ സൈനികൻ കോൺഗ്രസ് വനിതാ നേതാവിന്റെ സ്വർണമാല കവർന്ന കേസിൽ റിമാൻഡിൽ. കാമുകിയുമായി അടിച്ചു പൊളിക്കാൻ ആണ് കവർച്ച നടത്തിയത്. കോയപറമ്പിലെ പരുന്ത് മലയിൽ സെബാസ്റ്റ്യനെന്ന ഷാജി (27) ആണ് പിടിയിലായത്. പയ്യാവൂർ സ്വദേശിനിയായ കാമുകിയുമായി യാത്ര പോകാനാണ് ഇയാൾ പണം ചെലവഴിച്ചതെന്ന് പൊലീസ് പറഞ്ഞു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുൻ കായിക അധ്യാപികയുമായിരുന്ന ഫിലോമിന കക്കട്ടിലിന്റെ സ്വർണമാലയാണ് വാടകയ്‌ക്കെടുത്ത കാറിലെത്തി ഷാജി പിടിച്ചു പറിച്ചത്. വഴി ചോദിക്കാനെന്ന പോലെ ഇറങ്ങിയാണ് ഫിലോമിനയുടെ കഴുത്തിലുണ്ടായിരുന്ന അഞ്ചുപവന്റെ സ്വർണമാല പറിച്ചെടുത്തത്. പിടിവലിയിൽ ഒരു പവന്റെ സ്വർണക്കുരിശ് ഇയാളുടെ കൈയ്യിലായി. ഫിലോമിന വിവരമറിയിച്ചതിനെ തുടർന്നാണ് ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചത്. 

പരിചയമില്ലാത്ത വീടുകളിൽ കയറി സ്ത്രീകൾ ഒറ്റയ്ക്കാണെന്ന് മനസിലായാൽ വെള്ളം ചോദിക്കുകയും അവർ വെള്ളമെടുക്കാൻ പോകുമ്പോൾ പുറകെ കൂടി താലിമാല പിടിച്ചു പറച്ചു രക്ഷപ്പെടുകയുമാണ് ഇയാളുടെ രീതി. 

നേരത്തെ പയ്യാവൂരിൽ നിന്നും വയോധികയുടെ മൂന്ന് പവൻ മാല കവർന്ന ഇയാൾ അത് വിറ്റ് ഒന്നേ കാൽലക്ഷം രൂപയുമയി കാമുകിയെയും കാമുകിയുടെ മാതാപിതാക്കളെയും കൂട്ടി എറണാകുളത്തേക്ക് വിനോദയാത്ര നടത്തിയിരുന്നെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.


Previous Post Next Post