വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിൻ്റെ മകള്‍ ഫീബിയുടെ ചിത്രമാണ് ഇന്ന് പാശ്ചാത്യമാധ്യമങ്ങളിലെ പ്രധാന ചിത്രം. ഹോളിവുഡ് താരങ്ങളുടെയും ശതകോടീശ്വരന്മാരുടെയും സ്വകാര്യ ജീവിതം എന്നും മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടതാണെങ്കിലും ഫീബി ഗേറ്റ്സിൻ്റെ ചിത്രം അൽപം വ്യത്യസ്തമാണ്. വെളുത്ത നിറത്തിലുള്ള ബിക്കിനി ധരിച്ച് കറുത്ത ഭിത്തിയോടു ചേര്‍ന്നു നിൽക്കുന്ന ഫീബി ഒരു സന്ദേശവും ഒപ്പം പങ്കുവെക്കുന്നുണ്ട്. യുഎസിലെ പുരോഗമന ആശയക്കാരിൽ പലരും ഫീബിയുടെ നിലപാടിനെയും ധൈര്യത്തെയും പുകഴ്ത്തുകയാണ് ഇന്ന്. 'എന്‍റെ ശരീരം, എന്‍റെ ചോയ്സ്' എന്നാണ് ചിത്രത്തോടൊപ്പം 19കാരിയായ ഫീബി ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം. തനിക്ക് രണ്ട് കാര്യങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലെന്നും ഫീബി കുറിയ്ക്കുന്നു. "എന്‍റെ ശരീരത്തെപ്പറ്റി എനിക്ക് നാണക്കേടില്ല, അതിൻ്റെ പേരിൽ നിങ്ങള്‍ ഉണ്ടാക്കിയിരിക്കുന്ന നിരോധനത്തെപ്പറ്റി തുറന്നു പറയാനും എനിക്ക് ലജ്ജയില്ല." ഫീബി തന്‍റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
യാഥാസ്ഥിതിക ചിന്താഗതിക്കാരായ റിപബ്ലിക്കൻ പാര്‍ട്ടിക്കാര്‍ക്ക് മുൻതൂക്കമുള്ള യുഎസിൽ ഗര്‍ഭഛിദ്രം എന്നും വിവാദവിഷയമാണ്. സ്ത്രീകളുടെ ഗര്‍ഭഛിദ്രം നിരോധിക്കുന്ന നിയമങ്ങള്‍ പല റിപബ്ലിക്കൻ സംസ്ഥാനങ്ങളിലും വര്‍ഷങ്ങളായി നിലവിലുണ്ട്. എന്നാൽ ഈ നിയമങ്ങള്‍ മറികടക്കുന്നത് 1973ലെ ജെയ്ൻ റോ വേഴ്സ്സ് ഹെൻട്രി വേഡ് എന്ന കേസിലെ വിധി മൂലമാണ്. എന്നാൽ അടുത്തിടെയുണ്ടായ ചില നീക്കങ്ങളുടെ ഭാഗമായി ഈ വിധി അപ്രസക്തമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഉടൻ തന്നെ ഫെഡറൽ സര്‍ക്കാര്‍ ഇടപെടണമെന്നും ഗര്‍ഭഛിദ്ര വിരുദ്ധ നിയമങ്ങള്‍ നടപ്പാക്കുന്നതിൽ നിന്ന് റിപബ്ലിക്കൻ സംസ്ഥാനങ്ങളെ തടയണമെന്നും ആവശ്യപ്പെട്ട് വനിതാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചു. ഈ നിയമം നീക്കരുതെന്നാണ് യുഎസിൽ ഭൂരിപക്ഷം പേരും ആവശ്യപ്പെടുന്നതെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍. ഈ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഫീബിയുടെ വരവ്. സ്വന്തം ശരീരം തന്നെയാണ് ഫീബിയുടെ ആയുധം. ഇൻസ്റ്റഗ്രാമിൽ ശക്തിപ്രാപിക്കുന്ന Bans off Our Bodies പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഫീബി തന്നെ പിന്തുടരുന്നവരോട് പ്രതിഷേധത്തിന് പിന്തുണ തേടിയ ഫീബി എന്താണ് ജനങ്ങൾക്ക് ചെയ്യാൻ കഴിയുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാൻഫോർഡ് സർവകലാശാലയിലെ വിദ്യാർഥിയാണ് ഫീബി ഗേറ്റ്സ്. സുപ്രീം കോടതി ഗർഭഛിദ്രത്തിനുള്ള ഭരണഘടനാവകാശം റദ്ദാക്കുകയാണെന്ന് ഫീബി ചൂണ്ടിക്കാട്ടി.
സുപ്രീം കോടതിയുടെ വിലക്ക് ഇല്ലാതായാൽ 26 സംസ്ഥാനങ്ങൾക്ക് ഉടനടി ഗർഭഛിദ്രം നിരോധിക്കാനാകുമെന്ന് ഫീബി പറയുന്നു. സ്ത്രീകളെ ഗർഭഛിദ്രത്തിനു സഹായിക്കുകയും കുടുംബാസൂത്രണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ സാമ്പത്തികമായി സഹായിക്കണമെന്ന് ആവശ്യപ്പെടുന്ന ഫീബി ഇതിനുള്ള ലിങ്കുകളും തൻ്റെ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. എല്ലാ വ്യക്തികൾക്കും ലൈംഗികാരോഗ്യ സേവനങ്ങൾ ലഭിക്കാൻ അവകാശമുണ്ടെന്നും അടിസ്ഥാന മനുഷ്യാവകാശത്തിനു വേണ്ടി ലക്ഷക്കണക്കിനു സ്ത്രീകൾ നടത്തുന്ന പ്രതിഷേധത്തിൽ തന്നോടൊപ്പം ചേരണമെന്നും ഫീബി ആവശ്യപ്പെട്ടു.