കൊച്ചി: തിരഞ്ഞെടുപ്പ് ഫലം വരും മുൻപ് തന്നെ തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി തയ്യാറാക്കി വച്ചത് 12000 ലഡു. സ്വതന്ത്ര സ്ഥാനാർത്ഥി സാബു ഫ്രാൻസിസിന്‍റെ ആത്മവിശ്വാസം വെറുതെയായിരുന്നില്ലെന്ന് ഫലം വന്നപ്പോൾ വ്യക്തമായി. 142 വോട്ടിന്റെ ലീഡ് നേടിയാണ് അദ്ദേഹം വിജയിച്ചത്.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും മുൻപ് തന്നെ, സാബു ഫ്രാൻസിസും കുടുംബവും സുഹൃത്തുക്കളും ചേർന്ന് 12000 ലഡു തയ്യാറാക്കിവച്ചിരുന്നു. പരാജയപ്പെട്ടാൽ അതെന്ത് ചെയ്യും എന്നായിരുന്നു നാട്ടുകാരുടെ ആശങ്ക. എന്നാൽ ആശങ്കയ്ക്ക് വിരാമമിട്ടു കൊണ്ട് സാബു ഫ്രാൻസിസ് വിജയം നേടി. 40-ാം വാർഡിൽ നിന്നാണ് സാബു മത്സരിച്ചത്. ഈ വാർഡിൽ മാത്രമല്ല, മുൻപ് സാബുവും അദ്ദേഹത്തിന്റെ ഭാര്യ ഓമനയും മത്സരിച്ച് വിജയിച്ച 34-ാം വാർഡിലും ലഡു വിതരണം ചെയ്തു. ഇതോടെ, വല്ലാത്തൊരു കോൺഫിഡൻസിന്‍റെ ഉടമയാണ് സാബുവെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ നിറയുന്ന കമന്‍റ്.