ഏകീകൃത കുർബാന; ഒടുവിൽ ജയം കർദിനാൾ പക്ഷത്തിന്? ഇരു വിഭാഗത്തിനും ആകാംക്ഷ


കൊച്ചി: സിറോമലബാർ സഭയിലെ കുർബാന ഏകീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം-അങ്കമാലി രൂപതയുടെ ബിഷപ്പ് മാ‍ർ ആന്റണി കരിയിലിന്റെ നേതൃത്വത്തിൽ പൗരസ്ത്യസഭകളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ക‍ർദിനാൽ ലിയനാ‍ർദോ സാന്ദ്രിയുമായും സ്റ്റേറ്റ് സെക്രട്ടറി ക‍ർദിനാൾ പെട്രോ പരോളിനുമായും കൂടിക്കാഴ്ച നടത്തി. എതി‍ർ പക്ഷവും പൗരസ്ത്യ തിരുസംഘവുമായി ച‍ർച്ച നടത്തിയിട്ടുണ്ട്. വത്തിക്കാൻ സന്ദർശനം പൂർത്തിയാക്കി എറണാകുളം സംഘം മടങ്ങിയെത്തിയപ്പോൾ സ്ഥിരം സിനഡ് അംഗങ്ങൾ അടക്കമുള്ള ബിഷപ്പുമാർ വത്തിക്കാനിൽ തുടരുകയാണ്. 

രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എറണാകുളം-അങ്കമാലി അതിരൂപത ബിഷപ്പ് മാ‍ർ ആന്റണി കരിയിലിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ തുടർന്നു. ഇരുപക്ഷത്തെയും കേട്ടെങ്കിലും പൗരസ്ത്യ തിരുസംഘം തീരുമാനം അറിയിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സംഘം കേരളത്തിലേക്ക് മടങ്ങി.

മാ‍ർ ജോർജ് ആല‍ഞ്ചേരിയും വത്തിക്കാനിലെത്തിയിട്ടുണ്ട്. പൗരസ്ത്യ സിനഡിന്റെ തീരുമാനം വത്തിക്കാന് മറികടക്കാനായേക്കില്ല. അതിനാൽ പൗരസ്ത്യ തിരുസംഘത്തിന്റെ തീരുമാനം തങ്ങൾക്ക് അനുകൂലം ആയേക്കുമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ പ്രതീക്ഷ. എറണാകുളം-അങ്കമാലി രൂപതയ്ക്ക് ഇളവ് നൽകിയാൽ ഏകീകൃത കു‍ർബാനയോട് നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ച തൃശൂ‍ർ, ഇരിങ്ങാലക്കുട രൂപതകളിലും ഇതേ ആവശ്യം ഉയർന്നേക്കാം. അതിനാൽത്തന്നെ എറണാകുളം സംഘത്തിന് അനുകൂലമാകുന്ന തീരുമാനം ഉണ്ടായേക്കില്ലെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ പ്രതീക്ഷ.

ജുലൈ മൂന്നിലെ ദുഖ്റാന തിരുന്നാളിനു മുമ്പ് പൗരസ്ത്യ തിരുസംഘത്തിന്റെ തീരുമാനം ഉണ്ടാകുമെന്നാണ് ഇരുപക്ഷവും കരുതിയിരുന്നത്. എന്നാൽ അത് ഇനിയും നീളുമെന്നാണ് വിവരം. തങ്ങളുടെ വാദങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കാൻ കഴിഞ്ഞെന്നാണ് എറണാകുളം സംഘത്തിൽ നിന്നുള്ളവ‍ർ പറയുന്നതെന്ന് മാതൃഭൂമി ദിനപത്രം റിപ്പോ‍ർട്ട് ചെയ്തു.

സിറോമലബാ‍ർ സിനഡ് തീരുമാന പ്രകാരം നവീകരിച്ച കുർബാന ക്രമത്തിൽ നിന്നും ഏതെങ്കിലും ഒരു രൂപതയ്ക്ക് മാത്രം ഇളവ് നൽകാനാകില്ലെന്ന് വത്തിക്കാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ രൂപതകളും തീരുമാനം നടപ്പാക്കണം. സിനഡ് തീരുമാനം നടപ്പാക്കേണ്ടതില്ലെന്ന എറണാകുളം-അങ്കമാലി രൂപതയുടെ ഉത്തരവ് തിരുത്താൻ മാ‍ർ ആന്റണി കരിയിലിന് വത്തിക്കാൻ നി‍ർദ്ദേശം നൽകുകയും ചെയ്തിരുന്നു.

Previous Post Next Post