എരുമേലി ബൈക്ക് അപകടത്തിൽ മരണം രണ്ടായി







കോട്ടയം : എരുമേലി ബൈക്ക് അപകടത്തിൽ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു.. അപകട സ്ഥലത്ത് വെച്ച് തന്നെ ഒരാൾ മരണപ്പെട്ടിരുന്നു.

ഇന്നലെ ( ജൂൺ 29, ബുധൻ ) രാത്രി 8:45 ഓടെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് സമീപം  വെച്ചാണ് അപകടമുണ്ടായത്.

ബൈക്കിൽ വന്ന പൊന്തൻപുഴ ചാരുവേലി സ്വദേശിയും അടുത്തിടെ ചേനപ്പാടിയിലേക്ക് താമസം മാറിയ പാക്കാനം വീട്ടിൽ ശ്യാം സന്തോഷ്‌ (29), ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാഹുൽ സുരേന്ദ്രൻ എനിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ച ബൈക്ക്
റാന്നി നിലയ്ക്കൽ ഭദ്രാസനം മെത്രാപ്പൊലീത്ത മാർ ജോഷ്വാ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റോ കാറിലാണ് ഇടിച്ചത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്ന് ചിന്നഭിന്നമായി പാർട്സുകൾ റോഡിൽ ചിതറിയ നിലയിലായിരുന്നു. കാറിൽ സഞ്ചരിച്ചവർക്ക് കാര്യമായ പരിക്കുകളില്ല. പീരുമേട്ടിൽ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത. ബൈക്ക് യാത്രികർ വാഹനത്തിന്റെ സിസി അടച്ച ശേഷം മടങ്ങുകയായിരുന്നു. മരണപ്പെട്ട ഇരുവരും കല്പണിക്കാരായ യുവാക്കളാണ്.

അപകടം അറിഞ്ഞ് എത്തിയ നാട്ടുകാർ ആണ് എരുമേലി സർക്കാർ ആശുപത്രിയിലെ ആംബുലൻസ് വിളിച്ചു വരുത്തി യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്. സ്ഥലത്ത് വെച്ച് തന്നെ മരിച്ച നിലയിലായിരുന്ന ശ്യാം സന്തോഷ്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചു. 
ഗുരുതരമായ പരിക്കേറ്റ രാഹുൽ സുരേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് വെൻ്റിലേറ്ററിലാക്കിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തന്നെ മരണം സംഭവിച്ചു.

 


أحدث أقدم