'സ്ത്രീകളുടെ മുഖത്തേറ്റ അടി'; ഗർഭഛിദ്രത്തിനുള്ള അവകാശം വേണ്ട; ചരിത്രവിധി റദ്ദാക്കി യുഎസ് സുപ്രീം കോടതി


വാഷിങ്ടൺ: സംസ്ഥാന നിയമങ്ങൾക്ക് അതീതമായി സ്ത്രീകൾക്ക് ഗ‍ര്‍ഭഛിദ്രത്തിനുള്ള അനുമതി നൽകുന്ന ചരിത്രപരമായ കോടതി വിധി റദ്ദാക്കി യുഎസ് സുപ്രീം കോടതി. വിധി നിലവിൽ വരുന്നതോടെ പകുതിയോളം യുഎസ് സംസ്ഥാനങ്ങളിൽ ഗര്‍ഭഛിദ്രം നിയമവിരുദ്ധമായതിനു തുല്യമാകും. 1973ലെ ചരിത്രപരമായ റോ വേഴ്സസ് വേഡ് കേസിലെ വിധി റദ്ദാക്കിയ യുഎസ് സുപ്രീം കോടതി നടപടിയെ സ്ത്രീകളുടെ മുഖത്തേറ്റ അടി എന്നാണ് സ്പീക്കര്‍ നാൻസി പെലോസി വിശേഷിപ്പിച്ചത്. ഒൻപത് ജഡ്ജിമാരടങ്ങുന്ന സുപ്രീം കോടതിയിലെ ആറു പേരും വിധി റദ്ദാക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിന്നതോടെയാണ് ഗര്‍ഭഛിദ്രത്തിനെതിരെ സുപ്രീം കോടതി ഉത്തരവിടുന്ന സാഹചര്യമുണ്ടായത്. ഇതോടു കൂടി ഗര്‍ഭഛിദ്രം യുഎസിൽ ഭരണഘടനാപരമായ അവകാശം അല്ലാതായി മാറും. റിപബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷമുള്ള കോടതിയുടെ വിധിയുടെ പൂര്‍ണവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അതേസമയം, മിസൂറിയും ലൂസിയാനയും അടക്കമുള്ള സംസ്ഥാനങ്ങൾ അബോര്‍ഷൻ അതതു സ്ഥലങ്ങളിൽ നിയമവിരുദ്ധമായി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. യാഥാസ്ഥിതിക കക്ഷിയായ റിപബ്ലിക്കൻ പാര്‍ട്ടി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും ഇതു പിന്തുടരും. കുടുംബാസൂത്രണ പ്രവര്‍ത്തനങ്ങൾക്കായി പ്രവര്‍ത്തികുന്ന സന്നദ്ധസംഘടനയായ പ്ലാൻഡ് പേരൻ്റ്ഹുഡ് പലയിടത്തും ഗര്‍ഭഛിദ്ര നടപടികൾ നി‍ര്‍ത്തിവെച്ചതായി അറിയിച്ചു.

കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്ത് പലയിടത്തും വനിതാവകാശ പ്രവർത്തകർ പ്രതിഷേധവുമായി നിരത്തിൽ ഇറങ്ങിയിട്ടുണ്ട്.

എന്താണ് റോ വി വേഡ് കേസ് വിധി?

1973ൽ സുപ്രീം കോടതി പുറപ്പെടുവിച്ച റോ വേഴ്സസ് വേഡ് കേസ് വിധി റോ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. അഭിഭാഷകയായ നോർമ മക്കോവി, ഡാളസ് ജില്ലാ അറ്റോർണിയായ ഹെൻറി വേഡ് എന്നിവരാണ് ഈ പേരിനു കാരണക്കാർ. ഇരുവരും തമ്മിലുള്ള കേസിൽ റോ വിജയിച്ചതോടെ അബോർഷൻ നിരോധിച്ചു കൊണ്ടു പല സംസ്ഥാനങ്ങളിലുമുള്ള നിയമങ്ങൾ റദ്ദാക്കപ്പെട്ടു. ഇതോടെ 28 ആഴ്ച വരെ പ്രായമുള്ള ഭ്രൂണങ്ങൾ അബോർഷനു വിധേയമാക്കാൻ സുപ്രീം കോടതി അനുവദിക്കുകയും ചെയ്തു. ഗർഭപാത്രത്തിനു പുറത്ത് ഭ്രൂണത്തിനു ജീവിക്കാനുള്ള ശേഷി കൈവരിക്കുന്ന സമയം എന്ന നിലയ്ക്കാണ് 28 ആഴ്ച അഥവാ ഏഴു മാസം നിശ്ചയിക്കപ്പെട്ടത്. എന്നാൽ ആരോഗ്യമേഖലയിലെ മുന്നേറ്റത്തിൻ്റെ ഭാഗമായി ഇപ്പോൾ ആറ് മാസത്തിൽ കുറഞ്ഞ വളർച്ചയുള്ള ഭ്രൂണങ്ങളെയും പൂർണവളർച്ചയിലെത്തിക്കാൻ സാധിക്കും. ഈ കാലയളവിന് ഫീറ്റൽ വയബിളിറ്റി എന്നാണ് പറയുന്നത്.
Previous Post Next Post