“ഇരട്ടചങ്കനെ” വീഴ്ത്താൻ ഡബിൾ ബാരലിൽ ഉന്നം പിടിച്ച് മാത്യു കുഴൽനാടൻ: മൂവാറ്റുപുഴ എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം വൈറൽ.



തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയിലായിരുന്നു കഴിഞ്ഞ ദിവസം കേരള രാഷ്ട്രീയം ശ്രദ്ധ ഊന്നിയത്.  പ്രതിപക്ഷ നിരയിൽ നിന്ന് ഏറ്റവും തിളങ്ങിയത്  മൂവാറ്റുപുഴ എംഎൽഎയായ അഡ്വക്കേറ്റ് മാത്യു കുഴൽനാടൻ ആയിരുന്നു.

 മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും പ്രൈസ് വാട്ടർ ഹൗസ് കൂപേഴ്സ് ഡയറക്ടറായ ജെയ്ക് ബാലകുമാറും തമ്മിലുള്ള വ്യക്തിപരവും ബിസിനസ് പരവുമായ ബന്ധങ്ങളെക്കുറിച്ച് കുഴൽനാടൻ നടത്തിയ പരാമർശങ്ങൾ മുഖ്യമന്ത്രിയെ ഏറെ പ്രകോപിപ്പിച്ചിരുന്നു. വളരെ നിശിതമായ ഭാഷയിലാണ് തന്റെ മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി കുഴൽനാടന് എതിരെ പ്രതികരിച്ചതും.

എന്നാൽ താൻ വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല എന്നും അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ മകളും, ജെയ്ക് ബാലകുമാറും ചേർന്ന് നടത്തിയ സംശയകരമായ ഇടപാടുകളെ കുറിച്ചാണ് നിയമസഭയിലെ ചർച്ചയിൽ പരാമർശിച്ചത് എന്നും ഇതിനുള്ള തെളിവുകൾ പുറത്തുവിടുമെന്നും കുഴൽനാടൻ തിരിച്ചടിച്ചു. 

ഇന്നലെ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി വെബ്സൈറ്റിൽ ഉണ്ടായിരുന്നതും എന്നാൽ രാഷ്ട്രീയ വിവാദം ഉയർന്നപ്പോൾ നീക്കം ചെയ്തതുമായ പരാമർശങ്ങൾ – ജെയ്ക് ബാലകുമാറിനെ വ്യക്തിപരമായി തന്നോട് അടുത്തുനിൽക്കുന്ന എല്ലാ കാര്യങ്ങളിലും മാർഗനിർദേശം നൽകുന്ന ഗുരുസ്ഥാനീയൻ എന്ന് വീണ വിജയൻ വിശേഷിപ്പിക്കുന്ന പരാമർശങ്ങൾ, കുഴൽനാടൻ പുറത്തു വിട്ടു. 

ഇവർ ഒരുമിച്ച് വീണയുടെ സ്ഥാപനത്തിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും മൂവാറ്റുപുഴ എംഎൽഎ മാധ്യമങ്ങൾക്ക് കൈമാറി. ഇതോടെ ഈ വിഷയം ഇപ്പോൾ കൂടുതൽ ചർച്ചയിലേക്ക് എത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കുഴൽനാടൻ എഫ്ബി യിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
Previous Post Next Post