കേരള സർവകലാശാലയ്ക്ക് A++; ഐഐടി നിലവാരത്തിലുള്ള റാങ്ക് സ്വന്തമാക്കി ചരിത്രനേട്ടം


തിരുവനന്തപുരം: ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല. നാക് (NAAC) റി അക്രഡിറ്റേഷനില്‍ സര്‍വകലാശാലയക്ക് A++ ഗ്രേഡ് ലഭിച്ചു. കേരളത്തിലെ ഒരു സര്‍വകലാശാല ആദ്യമായിട്ടാണ് ഈ നേട്ടം കൈവരിക്കുന്നത്. ഐഐടി നിലവാരത്തിലുള്ള റാങ്ക് ആണിത്. 2003ല്‍ B++ റാങ്കും 2015ല്‍ A റാങ്കുമാണ് കേരള സര്‍വകലാശാലയ്ക്ക് ലഭിച്ചത്. യുജിസിയില്‍ നിന്ന് 800 കോടിയുടെ പദ്ധതികളാണ് സര്‍വകലാശാലയ്ക്ക് ലഭിക്കുക. നാലിൽ 3.67 എന്ന സ്‌കോറാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ചത്. 3.51നും നാലിനും ഇടയ്ക്ക് സ്കോർ നേടുന്ന സർവകലാശാലക്കാണ് A++ റാങ്ക് ലഭിക്കുക. കഴിഞ്ഞ വർഷം കാലടി സർവകലാശാല A+ റാങ്ക് നേടിയിരുന്നു.


NAAC സംഘം എത്തുന്നതിന് മുന്‍പ് അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി 70 മാര്‍ക്ക് ഇടും. ബാക്കി 30 മാര്‍ക്ക് നേരിട്ട് വിവിധ സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നല്‍കുക. ഈ പരിശോധനയ്ക്കായി സംഘം എത്തുന്നതിന് മുന്‍പ് തന്നെ എല്ലാ ഡിപ്പാര്‍ട്‌മെന്റുകളും വലിയ പ്രയത്‌നം തന്നെ നടത്തിയിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

നല്ല പ്രസന്റേഷനുകള്‍ തയ്യാറാക്കി അവതരിപ്പിച്ചും മറ്റും എല്ലാ രീതിയിലും സജ്ജമായിരുന്നു. 800 മുതല്‍ ആയിരം കോടിയുടെ വരെ പ്രോജക്റ്റുകളാണ് യുജിസിയില്‍ നിന്ന് സര്‍വകലാശാലയ്ക്ക് ലഭിക്കുക. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിലവാരത്തോടെ മുന്നേറുന്നതിന്റെ തെളിവാണിതെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. മറ്റ് സര്‍വകലാശാലകളും സമാനമായ മാര്‍ഗത്തിലൂടെ മികവോടെ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.

നേട്ടം കൈവരിച്ച സര്‍വകലാശാലയ്ക്കും അതിന് വേണ്ടി വി സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനുള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
Previous Post Next Post