നാഷണൽ ഹെറാൾഡ് കേസ് : രാഹുൽ ഇഡിക്ക് മുന്നിലെത്തും; ‘രാഷ്ട്രീയ വേട്ടയാടലിൽ’ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്






ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽ ഗാന്ധി ഇന്ന് ഡല്‍ഹിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് മുന്‍പാകെ ഹാജരാകും. രാവിലെ പതിനൊന്ന് മണിക്കാകും രാഹുല്‍ ഇ ഡിക്ക് മുമ്പിലെത്തുക. രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി ഇ ഡിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയർത്തി മുൻ അധ്യക്ഷനൊപ്പം കോൺഗ്രസ് നേതാക്കളും ഇ ഡ‍ി ഓഫീസ് വരെ അണിനിരക്കാനാണ് തീരുമാനിച്ചിരുന്നത്.

എ ഐ സി സി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇ ഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. രാജസ്ഥാന്‍, ഛത്തീസ്ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എം പിമാര്‍ തുടങ്ങിയവര്‍ ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ അണിനിരക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ റാലിക്ക് റാലിക്ക് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.

ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇ ഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. അതിനാൽ തന്നെ വിലക്ക് ലംഘിച്ച് രാഹുലിനൊപ്പം കോൺഗ്രസ് നേതൃത്വം ഇ ഡി ഓഫിസിലെക്ക് മാർച്ച് ചെയ്യുമോ എന്നത് രാവിലെ അറിയാം. രാഹുൽ ഗാന്ധി ഹാജരാകുന്ന സമയം രാജ്യത്തെ മുഴുവന്‍ ഇ ഡി ഓഫീസുകള്‍ക്ക് മുന്നിലും പി സി സികളുടെ നേതൃത്വത്തിൽ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.
Previous Post Next Post