റിലയന്‍സ് ജിയോയില്‍ തലമുറമാറ്റം. മുകേഷ് അംബാനി റിലയന്‍സ് ജിയോയുടെ ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചതായി കമ്പനി അറിയിച്ചു. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയാണ് പുതിയ ചെയർമാൻ. 2014 മുതൽ കമ്പനിയിലെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറായിപ്രവർത്തിച്ചു വരികയായിരുന്നു ആകാശ് അംബാനി.
കമ്പനിയുടെ അഡീഷണൽ ഡയറക്ടർമാരായി രമീന്ദർ സിംഗ് ഗുജ്‌റാളിനെയും കെ.വി ചൗധരിയെയും നിയമിച്ചതായും കമ്പനി അറിയിച്ചു. അഞ്ച് വർഷത്തേക്കായിരിക്കും ഇവരുടെ നിയമനം. ജിയോയുടെ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹൻ പവാറിനെ നിയമിക്കാനും ധാരണയായി. ഇക്കാര്യത്തിൽ ഓഹരിയുടമകളുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. 2022 ജൂണ്‍ 27 തിങ്കളാഴ്ച നടന്ന ജിയോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് പുതിയ നിയമനങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത്.
അധികാരം അടുത്ത തലമുറയിലേക്ക് കൈമാറുന്നതിന് മുകേഷ് അംബാനി ആലോചിക്കുന്നതായി മുൻപ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മുകേഷ് അംബാനിയുടെ മൂത്ത മകനാണ് ആകാശ് അംബാനി.
റിലയൻസ് ജിയോ ഇൻഫോകോം ഉൾപ്പെടെ എല്ലാ ജിയോ ഡിജിറ്റൽ സേവനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ ചെയർമാനായി മുകേഷ് അംബാനി തുടരും.
അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുള്ളയാളാണ് ആകാശ് അംബാനി. റിലയൻസ് ഗ്രൂപ്പിന്റെ ഡിജിറ്റൽ സേവനങ്ങളുമായും ഉപഭോക്തൃ നിർദ്ദേശങ്ങളുമായും ബന്ധപ്പെട്ടും ആകാശ് പ്രവർത്തിച്ചിട്ടുണ്ട്. റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായുള്ള ആകാശിന്റെ വളർച്ച ഡിജിറ്റൽ യാത്രയിൽ അദ്ദേഹം നൽകിയ പ്രത്യേക സംഭാവനകൾക്കുള്ള അംഗീകാരം കൂടിയാണ്. മുന്നോട്ട് പോകുമ്പോൾ കൂടുതൽ ഉത്തരവാദിത്തങ്ങളാണ് അദ്ദേഹത്തെ കാത്തിരിക്കന്നത്.
2017-ൽ ഒരു ഇന്ത്യൻ ഫോക്കസ്ഡ് ജിയോഫോൺ കണ്ടുപിടിക്കുന്നതിലും ലോഞ്ച് ചെയ്യുന്നതിലും അദ്ദേഹം മറ്റ് എഞ്ചിനീയർമാരുമായി ചേർന്ന് പ്രവർത്തിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ മേഖലയിൽ ജിയോ നടത്തിയ പ്രധാന ഏറ്റെടുക്കലുകൾക്കും അദ്ദേഹം നേതൃത്വം നൽകി. AI-ML, ബ്ലോക്ക്ചെയിൻ എന്നിവയുൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഇന്ത്യയെ ഒരു ഡിജിറ്റൽ സമൂഹമായി കെട്ടിപ്പടുക്കാനുള്ള ജിയോയുടെ ശ്രമങ്ങൾ അദ്ദേഹം തുടരുക തന്നെ ചെയ്യും.
ഇന്ത്യൻ ടെലികോം മേഖലയിൽ അതികായനായ ജിയോ, നാലാം പാദത്തിൽ 4,173 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തിരുന്നു. മൂന്നാം പാദത്തിൽ 3,615 കോടി രൂപയായിരുന്നു അറ്റാദായം. താരിഫ് വർദ്ധന, മികച്ച സബ്‌സ്‌ക്രൈബർ മിക്‌സ്, ഫൈബർ ടു ഹോം സേവനങ്ങളുടെ വളർച്ച തുടങ്ങിയ കാരണങ്ങളെല്ലാമാണ് വരുമാന വളർച്ചക്ക് കാരണമായത്. പ്രവർത്തനങ്ങളിൽ നിന്നുള്ള ഒറ്റപ്പെട്ട വരുമാനം വർഷം തോറും ഏകദേശം 20.4 ശതമാനം വർധിച്ച് 20,901 കോടി രൂപയായി.
ബമ്പർ ഓയിൽ റിഫൈനിംഗ് മാർജിനുകൾ, ടെലികോം, ഡിജിറ്റൽ സേവനങ്ങളിലെ സ്ഥിരമായ വളർച്ച, റീട്ടെയിൽ ബിസിനസിലെ ശക്തമായ മുന്നേറ്റം എന്നിവയുടെ പശ്ചാത്തലത്തിൽ മാർച്ചിൽ അവസാനിച്ച പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വരുമാനത്തിലും 24.5 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു. ഒരു വർഷം കൊണ്ട് 100 ബില്യൺ ഡോളർ വരുമാനം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണിത്.
ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപമുള്ള സ്പാങ്മിക് ഗ്രാമത്തിൽ റിലയൻസ് ജിയോ 4ജി വോയ്‌സ്, ഡാറ്റ സേവനങ്ങൾ ആരംഭിച്ച വാർത്ത അടുത്തിടെയാണ് പുറത്തു വന്നത്. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പാംഗോങ് ഏരിയയിലും പരിസരത്തും 4G മൊബൈൽ കണക്റ്റിവിറ്റി നൽകുന്ന ആദ്യത്തെ സേവനദാതാക്കളായി ആയി ജിയോ മാറി. പ്രദേശത്തെ വിനോദസഞ്ചാരികൾക്കും സൈനികർക്കും തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്കാൻ സഹായിക്കുകയും ചെയ്യുമെന്നും ജിയോ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ഗ്രാമീണ മേഖലയിലടക്കം മികച്ച നെറ്റ‍്‍വർക്ക് സംവിധാനവുമായി റിലയൻസ് ജിയോ എത്തിയതിന് ശേഷം ടെലികോം വിപണിയിൽ വലിയ മത്സരമാണ് നടക്കുന്നത്.