യൂട്യൂബർ സൂരജ് പാലാക്കാരനെ കോടതി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ യൂട്യൂബർ സൂരജ് പാലാക്കാരനെ കോടതി റിമാന്‍റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ സൂരജ് പാലാക്കാരനെ പതിനാല് ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്.

 ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് വ്ലോഗർ സൂരജ് പാലാക്കാരനെ എറണാകുളം എസിപി അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ എറണാകുളം എസിപിക്ക് മുൻപാകെ ഹാജരായ സൂരജ് പാലാക്കാരനെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കോടതിയെ ബഹുമാനിക്കുന്നുവെന്നും തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ലെന്നുമായിരുന്നു സൂരജ് പാലാക്കാരന്‍റെ പ്രതികരണം. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. എസ് സി എസ് ടി അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. ഇടുക്കി സ്വദേശിയായ യുവതി ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് വ്ലോഗിലൂടെ സൂരജ് പാലാക്കാരൻ ഇവരെ അധിക്ഷേപിച്ചത്.

വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിർമിക്കാൻ നിർബന്ധിച്ചെന്നും വഴങ്ങാത്തതിന് മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ചാണ് ക്രൈം പത്രാധിപർ നന്ദകുമാറിനെതിരെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായ യുവതി പരാതി നൽകിയിരുന്നു. അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു. 

കഴിഞ്ഞ മെയ് 27ന് കൊച്ചി ടൗൺ പോലീസിൽ പരാതി നൽകി. ഈ പരാതി വ്യാജമാണെന്ന് ആരോപിച്ചാണ് സൂരജ് പാലാക്കാരൻ യൂട്യൂബ് വീഡിയോ പുറത്തുവിട്ടത്. യുവതിയെ പരസ്യമായി അപമാനിച്ച് കൊണ്ടുള്ള ഈ വീഡിയോ, നാല് ലക്ഷത്തിലധികം പേർ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അടിമാലി സ്വദേശിനി പോലീസിനെ സമീപിച്ചതും പരാതി നൽകിയതും.

ഡിജിറ്റൽ ഇടങ്ങളും പൊതുഇടങ്ങളാണെന്നും ഇവിടെ സ്ത്രീകളെ അപമാനിക്കുന്നത് കുറ്റകരമാണെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഡിജിറ്റൽ മാധ്യമങ്ങൾ വഴി മോശം പരാമർശങ്ങൾ നടത്തുന്നത് കുറ്റകരമെന്ന നിരീക്ഷണത്തോടെയാണ് സൂരജ് പാലാക്കാരന്‍റെ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. ഡിജിറ്റൽ മാധ്യമങ്ങളും പൊതുഇടങ്ങളാണെന്ന് നിരീക്ഷണവും കോടതി നടത്തിയിരുന്നു.
ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പരാമർശം അധിക്ഷേപകരമായി തോന്നിയാൽ ഇരകൾക്ക് നിയമപരമായി നേരിടാമെന്നും ഹ‍ർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. പ്രതിക്കെതിരെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള കുറ്റം ഉള്ളതിനാൽ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നാണ് കോടതി നിലപാടെടുത്തത്.


Previous Post Next Post