കോട്ടയം: കോട്ടയം നാട്ടകത്ത് 24 വാത്താ ചാനൽ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. എം സി റോഡിൽ നാട്ടകത്ത് നിന്നും ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്നു ചാനൽ സംഘം. ഗതാഗതക്കുരുക്കിൽപ്പെട്ട് കിടന്ന ചാനൽ വാഹനത്തിനിടയിലേക്ക് ഇടവഴിയിൽ നിന്ന് അതിവേഗം കയറി വന്ന അക്രമികളുടെ വാഹനം കൂടുതൽ ഗതാഗതക്കുരുക്കുണ്ടാക്കുകയും വാഹനം ഇടിക്കുന്ന സാഹചര്യവുമുണ്ടായി.
ഇത് ചാനൽ പ്രവർത്തകർ ചോദ്യം ചെയ്തു. ഇതേത്തുടർന്ന് അക്രമിസംഘത്തിൽപ്പെട്ടയാൾ വാഹനത്തിൽ നിന്നും ചാടിയിറങ്ങി ചാനൽ പ്രവർത്തകർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
തോക്ക് ചൂണ്ടിയതിനെത്തുടർന്ന് ഭയന്ന് പോയ ചാനൽ സംഘം വാഹനം അതിവേഗം പാക്കിൽ റൂട്ടിൽ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. നാട്ടകം സിമന്റ് കവലയിൽ ഐശ്വര്യ ഹോട്ടലിന് മുൻപിലായിരുന്നു അക്രമിസംഘം അഴിഞ്ഞാടിയത്.
ചാനൽസംഘത്തിന്റെ പരാതിയെത്തുടർന്ന് നാട്ടകം നഗരസഭാ ഓഫീസിന്റെ സമീപത്ത് നിന്ന് അക്രമിസംഘത്തിൽപ്പെട്ട ചെട്ടിക്കുന്ന് സ്വദേശി ജിതിൻ സുരേഷ്, കൊല്ലം സ്വദേശി അജേഷ് എന്നിവരെ ചിങ്ങവനം എസ് എച്ച് ഒ ടി ആർ ജിജുവും സംഘവും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ജിതിൻ സുരേഷ് നിരവധി കേസുകളിൽ പ്രതിയാണെന്ന സൂചനയാണ് ലഭിക്കുന്നത്.