73ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഒറ്റയടിക്ക് പെന്‍ഷന്‍; പുതിയ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങി ഇപിഎഫ്ഒ




 
ന്യൂഡല്‍ഹി: കേന്ദ്രീകൃത പെന്‍ഷന്‍ വിതരണ സംവിധാനം നടപ്പാക്കാന്‍ ഇപിഎഫ്ഒ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 29,30 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ ഈ നിര്‍ദേശം ഇപിഎഫ്ഒ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്രീകൃത പെന്‍ഷന്‍ സംവിധാനം നടപ്പാക്കിയാല്‍ 73 ലക്ഷം പെന്‍ഷന്‍കാര്‍ക്കാണ് പ്രയോജനം ലഭിക്കുക.

73 ലക്ഷത്തിലധികം വരുന്ന പെന്‍ഷന്‍കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒറ്റയടിക്ക് പെന്‍ഷനെത്തുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. നിലവില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ 138ലധികം വരുന്ന പ്രാദേശിക ഓഫിസുകള്‍ വഴിയാണ് അവരുടെ മേഖലയിലെ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. ഇതുമൂലം വിവിധ മേഖലാ ഓഫിസുകളിലെ പെന്‍ഷന്‍കാര്‍ക്ക് വ്യത്യസ്ത സമയങ്ങളിലോ ദിവസങ്ങളിലോ ആയിരിക്കും പെന്‍ഷന്‍ ലഭിക്കുക.

കേന്ദ്രീകൃത പെന്‍ഷന്‍ സംവിധാനം നടപ്പാക്കിയാല്‍ രാജ്യത്തെ 138ലധികം മേഖല ഓഫിസുകളുടെ സെന്‍ട്രല്‍ ഡാറ്റാ ബേസാണ് പ്രയോജനപ്പെടുത്തുക. ഇതുവഴി 73 ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒറ്റയടിക്ക് ആനുകൂല്യം ക്രെഡിറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
Previous Post Next Post