ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ഡബിള്‍ഡക്കര്‍ ബസുകള്‍ കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ ആരോഗ്യനില ഗുരുതരമാണെന്നും ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ലഖ്‌നൗവിലെ ട്രോമ സെന്ററിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രണ്ട് ബസുകളും ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു. ലഖ്‌നൗവിന് 30 കിലോമീറ്റര്‍ അകലെ ബരാബങ്കി ജില്ലയിലാണ് അപകടമുണ്ടായത്.
അപകടം നടന്ന ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ ഹൈദര്‍ഗഡിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ചികിത്സയ്ക്കായി ലഖ്‌നൗവിലെ ട്രോമ സെന്ററിലേക്ക് മാറ്റി.