കൊച്ചി ; നിവിൻ പോളിയെ നായകനാക്കി സണ്ണി വെയിൻ നിർമിക്കുന്ന ‘പടവെട്ട്’ സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണ പീഡനക്കേസിൽ പ്രതിയാണ്. പീഡനത്തിനിരയായ യുവതി നൽകിയ ഹർജിയാണ് തള്ളിയത്.
ലിജു കൃഷ്‌ണയ്ക്കെതിരേ ക്രിമിനൽ കേസുണ്ടെന്നും വിചാരണ പൂർത്തിയാകും വരെ ചിത്രത്തിന്റെ പ്രദർശനം തടയണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ, പരാതിക്കാരിയുടെ ആരോപണങ്ങൾ ചിത്രത്തിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും അതിനാൽ ഇടപെടാൻ കഴിയില്ലെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റേയും സെൻസർ ബോർഡിന്റേയും വിശദീകരണം. യുവതിയുടെ ആവശ്യം സെൻസർ ബോർഡ് നേരത്തേ നിഷേധിച്ചതാണെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ അറിയിച്ചു. ഇതു കണക്കിലെടുത്താണ് ജസ്റ്റിസ് വി.ജി. അരുൺ ഹർജി തള്ളിയത്.
പടവെട്ട് സിനിമയുടെ തിരക്കഥയിലുൾപ്പെടെ വിലയേറിയ നിർദേശങ്ങളും സഹായങ്ങളും താൻ നൽകിയിട്ടുണ്ടെന്നും ഇവയുടെ ക്രെഡിറ്റ് തട്ടിയെടുത്ത് ലിജു കൃഷ്‌ണ ചിത്രം പുറത്തിറക്കുന്നത് തന്നോടു കാട്ടുന്ന നീതികേടാണെന്നുമാണ് യുവതിയുടെ ആരോപണം. ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന ഘട്ടത്തിലാണ് യുവതി ലിജുവിനെതിരേ പരാതി നൽകിയത്. 2020 മുതൽ സംവിധായകൻ തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടർന്ന് കണ്ണൂരിലെ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ലിജുവിനെ അറസ്റ്റ് ചെയ്തിരുന്നു.