കാണാതായ യുവതിയെ തെരയാൻ മൂന്ന് കപ്പലും ഹെലികോപ്റ്ററും; ഒടുവിൽ കണ്ടെത്തിയത് കാമുകനൊപ്പം


വിശാഖപട്ടണം: വിവാഹവാർഷികം ആഘോഷിക്കാൻ ഭർത്താവിനൊപ്പം ബീച്ചിലെത്തി കാണാതായ യുവതിയെ കണ്ടെത്തുന്നതിനായി കടലിൽ ലക്ഷങ്ങൾ ചെലവിട്ട് തെരച്ചിൽ നടത്തുന്നതിനിടെ ഭർതൃമതിയെ കാമുകനൊപ്പം കണ്ടെത്തി. ജുലൈ 25ന് ആന്ധ്രാപ്രദേശിലെ ആർകെ ബീച്ചിലാണ് സംഭവം. ബുധനാഴ്ച നെല്ലൂർ ജില്ലയിലെ കാവലിയിലാണ് യുവതിയെ കണ്ടെത്തിയത്. ഇതിനോടകം ഒരു കോടി രൂപയാണ് സംസ്ഥാന സർക്കാർ യുവതിയെ കണ്ടെത്തുന്നതിനായി ചെലവഴിച്ചത്. 

യുവതിക്കുവേണ്ടിയുള്ള രക്ഷാ പ്രവർത്തനത്തിൽ ഇന്ത്യൻ നേവിയുടെ മൂന്ന് കപ്പലുകളും ഒരു ഹെലികോപ്റ്ററും ഉപയോഗിച്ചതായി സർക്കാർ വ്യക്തമാക്കി. "ആ പെണ്ണ് ഞങ്ങളെയെല്ലാം പറ്റിച്ചു. ഞങ്ങളുടെ സമയവും ഊർജ്ജവും പാഴാക്കി." ഒരു പോലീസ് ഉദ്യോഗസ്ഥൻ ഡെക്കാൻ ക്രോണിക്കിളിനോട് പ്രതികരിച്ചു.

21 കാരിയാണ് പോലീസിനെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തി കാമുകനൊപ്പം കടന്നുകളഞ്ഞത്. 21 കാരി എൻ സായി പ്രിയയാണ് പോലീസിനെയും അധികാരികളെയും ആശങ്കയിലാഴ്ത്തിയത്. ഭർത്താവ് ശ്രീനിവാസ റാവുവിനൊപ്പം വിശാഖപട്ടണം എൻഎഡിക്ക് സമീപമുള്ള സഞ്ജീവയ്യനഗർ കോളനിയിലാണ് യുവതി താമസിച്ചിരുന്നത്.

വിവാഹത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ സിംഹാചലം ക്ഷേത്രത്തിൽ ഇരുവരും സന്ദർശനം നടത്തിയിരുന്നു. വൈകിട്ടോടെയാണ് ദമ്പതികൾ ആർകെ ബീച്ചിൽ എത്തിയത്. വൈകിട്ട് ഏഴ് മണിയോടെയാണ് പ്രിയയെ കാണാതായതെന്ന് ശ്രീനിവാസ നൽകിയ പരാതിയിൽ പറയുന്നു.

യുവതിയെ കാണാതായ ഉടൻ ഭർത്താവ് പോലീസിനെയും പ്രിയയുടെ മാതാപിതാക്കളെയും വിവരം അറിയിച്ചു. ചൊവ്വാഴ്ച പോലീസ് വിവരം അറിയിച്ചത് അനുസരിച്ചാണ് കോസ്റ്റ് ഗാർഡ് തെരച്ചിൽ ആരംഭിച്ചത്. തുടർന്ന് ഹെലികോപ്റ്റർ ഉപയോഗിച്ച് കടലിൽ തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് ഹെലികോപ്റ്ററും കപ്പലുകളും ഉപയോഗിച്ച് തെരച്ചിൽ നടത്തിയത്.

നെല്ലൂർ ജില്ലയിൽ യുവതിയെ സുരക്ഷിതമായി കണ്ടെത്തിയെന്നും ഉടൻ വിശാഖപട്ടണത്ത് എത്തിക്കുമെന്നും പോലീസ് പറഞ്ഞു. താൻ സുഹൃത്തിനൊപ്പമാണെന്ന് യുവതി തന്നെയാണ് മാതാപിതാക്കളെ അറിയിച്ചത്. രവി എന്ന യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്.

Previous Post Next Post