തിരുവനന്തപുരം : അർബുദ പരിശോധന നടത്താനെത്തിയ വ്യക്തിയുടെ ശ്വാസകോശത്തിൽ നിന്ന് ഈന്തപ്പഴക്കുരു പുറത്തെടുത്തു. തിരുവനന്തപുരം കിംസ് ഹെൽത്തിലെ പരിശോധനയിലാണ് ഈന്തപ്പഴക്കുരു കണ്ടെത്തിയത്.
കഴുത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്നാണ് തിരുവനന്തപുരം സ്വദേശിയായ 75കാരൻ അർബുദ പരിശോധനയ്ക്ക് എത്തിയത്. പ്രാഥമിക പരിശോധനയിൽ തന്നെ കഴുത്തിലെ മുഴ നട്ടെല്ലിനെ ബാധിച്ചിട്ടുള്ള അർബുദമാണെന്ന് കണ്ടെത്തി. പിന്നാലെ പിഇടി സിടി സ്‌കാനിംഗിലാണ് ശ്വാസകോശത്തിൽ മറ്റൊരു മുഴ കണ്ടെത്തിയത്.
കോശകലകളാൽ ഭാഗികമായി ഇത് മൂടിയിരുന്നു. ഭക്ഷണത്തിനിടെ അറിയാതെ ഉള്ളിൽപോയ ഈന്തപ്പഴക്കുരുവാണെന്ന് ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റിൽ നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെ വ്യക്തമായി. മൂന്നാഴ്ച മുൻപ് കഴിച്ച ഈന്തപ്പഴത്തിന്റെ കുരുവായിരുന്നു ഇത്. തുടർന്ന് ബ്രോങ്കോസ്‌കോപ്പിയുടെ തന്നെ സഹായത്തോടെ ശ്വാസനാളികൾക്ക് പരുക്കേൽക്കാതെ ഈന്തപ്പഴക്കുരു വിജയകരമായി നീക്കം ചെയ്തു.