.മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശിയും ചങ്ങരംകുളം നരണിപ്പുഴ റോഡിലെ എംഎസ് ചിക്കന്‍ സ്റ്റാള്‍ ഉടമയുമായ അഫ്സൽ (31) ആണ് പിടിയിലായത്. മറ്റ് കോഴിക്കടകളിൽ വിൽക്കുന്നതിനേക്കാൾ വില കുറച്ചാണ് ഇയാൾ ഇറച്ചി വിറ്റിരുന്നത്. ആളുകള്‍ മുഴുവന്‍ അവിടെ നിന്ന് വാങ്ങാന്‍ തുടങ്ങി. ഇതോടെ മറ്റു കടകള്‍ പൂട്ടിപ്പോവുന്ന അവസ്ഥയായി.
നിരന്തരമായി അന്വേഷിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഇറച്ചി തൂക്കം കുറച്ചാണ് ഇയാൾ വിൽക്കുന്നത്. തുലാസിനെ റിമോട്ട് ഉപയോഗിച്ച് നിയന്ത്രിച്ചാണ് ഈ തട്ടിപ്പ്. തട്ടിപ്പ് മനസിലായതോടെ വ്യാപാരിയെ നാട്ടുകാരും കച്ചവടക്കാരും പൊലീസും ചേര്‍ന്ന് കുരുക്കി. തൂക്കത്തില്‍ കൃത്രിമം കാണിക്കാനുപയോഗിച്ച റിമോട്ട് കണ്‍ട്രോളും ഇലക്ട്രോണിക് തുലാസും പിടിച്ചെടുത്തു. കട പൂട്ടിക്കുകയും ചെയ്തു.
പെരുന്നാള്‍ കാലത്തടക്കം മറ്റു കടകളില്‍ നിന്ന് വ്യത്യസ്തമായി കോഴിയിറച്ചി കിലോയ്ക്ക് പത്തും ഇരുപതും രൂപ വിലക്കുറവെന്ന് ബോര്‍ഡെഴുതി വെച്ചായിരുന്നു തട്ടിപ്പ്. വിലക്കുറവിന്റെ ആകര്‍ഷണത്തില്‍പ്പെട്ട് ഇവിടേക്ക് വലിയ തോതില്‍ ആളുകളെത്തി. ഇതോടെ മറ്റു കടക്കാരെല്ലാം നഷ്ടത്തിലായി. ഇവരാണ് കള്ളത്തരം കൈയോടെ പിടികൂടിയത്.
തുലാസില്‍ കോഴിയിറച്ചി വെക്കുമ്പോള്‍ ഒരുകിലോ ആകുംമുന്‍പു തന്നെ സ്‌ക്രീനില്‍ ഒരു കിലോയെന്നു തെളിയും. റിമോട്ട് ഉപയോഗിച്ച് തുലാസ് നിയന്ത്രിച്ചാണ് ഇത് ചെയ്യുന്നത്. ഇതിനു പിന്നിലെ സാങ്കേതിക കാര്യങ്ങളും മറ്റേതെങ്കിലും കടകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നതുമൊക്കെ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. തുലാസ് സീല്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. വഞ്ചന, അളവുതൂക്ക വെട്ടിപ്പ് എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി.