ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് നടൻ ലാൽ

ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് നടൻ ലാൽ. പരസ്യം കണ്ടിട്ട് ആർക്കെങ്കിലും ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കോവിഡ് കാലമായതുകൊണ്ടും സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ടുമാണ് പരസ്യത്തിൽ അഭിനയിക്കാൻ ഇടയായതെന്നും ലാൽ പറഞ്ഞു.

‘‘ഒരു പ്രോഡക്ടിനു വേണ്ടിയുള്ള പരസ്യത്തിൽ അഭിനയിച്ചു എന്ന് മാത്രമേയുള്ളൂ. ഗവൺമെന്റ് അനുമതിയോടെയാണ് അവർ എന്നെ സമീപിച്ചതും. നിരവധി അഭിനേതാക്കൾ ഇത്തരം പരസ്യങ്ങൾ ഇവിടെ മുൻപും ചെയ്തിട്ടുണ്ട്. കോവിഡ് കാലമായതുകൊണ്ടും സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതുകൊണ്ടുമാണ് ആ പരസ്യം കമ്മിറ്റ് ചെയ്തത്. അത് കണ്ടിട്ട് ആർക്കെങ്കിലും ദുരന്തങ്ങൾ ഉണ്ടായെങ്കിൽ അതിൽ ഖേദമുണ്ട്. ചെയ്തത് തെറ്റാണെന്ന് തോന്നിയുള്ള മാപ്പു പറച്ചിൽ ആയി കണക്കാക്കരുത്.’’–ലാൽ പറഞ്ഞു.

ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ അഭിനയിക്കുന്ന കലാകാരന്‍മാരോട് അതില്‍നിന്ന് പിന്‍മാറാന്‍ സർക്കാർ അഭ്യർഥിക്കണമെന്നു കെ.ബി.ഗണേഷ് കുമാർ എംഎൽഎ നിയമസഭയിൽ പറഞ്ഞിരുന്നു. സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവനോടായിരുന്നു. ഗണേഷിന്റെ അഭ്യർഥന. ഓൺലൈൻ റമ്മിക്ക് അടിമപ്പെട്ട് നിരവധിയാളുകളുടെ ജീവിതമാണ് വഴിയാധാരമാകുന്നതെന്നും ഗണേഷ് പറഞ്ഞു.
Previous Post Next Post