ആ ഒരു വോട്ട് ആരുടേത്? ക്രോസ് വോട്ടിന്റെ അമ്പരപ്പിൽ ഇടത് - വലത് മുന്നണികള്‍; അബദ്ധം പറ്റിയതാകാമെന്നും നിഗമനം




തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ക്രോസ് വോട്ട് നടന്നതില്‍ അമ്പരന്ന്  ഇരു മുന്നണികളും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് കേരളത്തില്‍ നിന്ന് മുഴുവന്‍ വോട്ടും ലഭിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഒരു വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പോയതാണ് അമ്പരപ്പിന് കാരണം. കേരളത്തിലെ നിയമസഭയില്‍ 140 അംഗങ്ങളില്‍ ഒരാള്‍ പോലും എന്‍ഡിഎയില്‍ നിന്നല്ല. എന്നിട്ടും എങ്ങിനെ വോട്ട് ദ്രൗപദി മുര്‍മുവിന് വീണുവെന്നാണ് ചോദ്യം ഉയരുന്നത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രഹസ്യ വോട്ട് ആയതിനാല്‍ ക്രോസ് വോട്ട് ചെയ്തത് ആരെന്ന് കണ്ടെത്താന്‍ കഴിയില്ലെന്നാണ് നിയമ സെക്രട്ടേറിയേറ്റ് പറയുന്നത്. ബാലറ്റ് റസീപ്റ്റും ബാലറ്റ് പേപ്പറിനോപ്പം അയച്ചിരുന്നു. വോട്ട് പാര്‍ട്ടി വിപ്പിനെ കാണിക്കേണ്ട നിര്‍ബന്ധം ഇല്ലായിരുന്നു. ആരും മനപ്പൂര്‍വം വോട്ട് രേഖപ്പെടുത്തിയതാകില്ല മറിച്ച്‌ അബദ്ധം പറ്റിയതാകാം എന്നും മുന്നണി നേതാക്കള്‍ക്കിടയില്‍ സംശയമുണ്ട്.

കേരളത്തിലെ 140 അംഗ നിയമസഭയില്‍ 139 അംഗങ്ങളുടെ പിന്തുണയാണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മ്മുവിന് സംസ്ഥാനത്തെ ഒരു എം എല്‍ എ വോട്ട് നല്‍കിയെന്നാണ് വ്യക്തമാകുന്നത്. അസം, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ ഇതേ പോലെ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട്.


Previous Post Next Post