ആര്‍എസ്എസ് നേതാക്കളുമായി കൂട്ടുകൂടി എംഎല്‍എയായ ആളാണ് പിണറായി: വി ഡി സതീശന്‍


തിരുവനന്തപുരം: ആര്‍എസ്എസ് പിന്തുണയോടു കൂടി ജയിച്ച് 1977 ല്‍ നിയമസഭയില്‍ വന്നയാളാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏത് ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തോല്‍പിക്കണമെന്ന് പറഞ്ഞ് ആര്‍എസ്എസ് നേതാക്കളുമായി കൂട്ടുകൂടി എംഎല്‍എയായ ആളാണ് പിണറായി. ഒരു കോണ്‍ഗ്രസുകാരനും ആര്‍എസ്എസ് വോട്ടു കിട്ടി ജയിച്ച് നിയമസഭയിലെത്തിയിട്ടില്ലെന്നും അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരാണാനുമതി നിഷേധിച്ചശേഷം നടത്തിയ പ്രസംഗത്തിലാണ് വി ഡി സതീശന്‍ ഇക്കാര്യം പറഞ്ഞത്.

മട്ടന്നൂര്‍ ചാവശേരി കാശിമുക്കിന് സമീപം പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നതിനിടെ ലഭിച്ച സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അസം സ്വദേശികള്‍ സ്‌ഫോടനത്തില്‍ മരിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കേരളത്തിലെ 80 ശതമാനം സ്‌ഫോടനക്കേസും ഒരു തുമ്പുമില്ലാതെ അവസാനിക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ചതിനടുത്ത് ബോംബ് പൊട്ടിയ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആര്‍എസ്എസുകാര്‍ ഭീഷണിപ്പെടുത്തിയതിനാലാണ് അറസ്റ്റുണ്ടാകാത്തത്, വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Previous Post Next Post