കോട്ടയം: സിമന്റ് കവലയിൽ ആത്മഹത്യാ ഭീഷണിയുമായി യുവാവ് കെട്ടിടത്തിനു മുകളിൽ കയറി. നാട്ടകം സിമന്റ് കവല മുളങ്കുഴയിലെ എൻ.എസ്.എസ് കരയോഗത്തിന്റെ കെട്ടിടത്തിനു മുകളിലാണ് പാമ്പാടി സ്വദേശിയും ബംഗളൂരുവിൽ വിദ്യാർത്ഥിയുമായ യുവാവ് കയറിയത്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗളൂരുവിൽ വിദ്യാർത്ഥിയായ പാമ്പാടി സ്വദേശി അവധിയ്ക്ക് വീട്ടിലെത്തിയതായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ മാനസിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നു വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നും ഇയാളെ കാണാതാകുകയായിരുന്നു.
തുടർന്നു വീട്ടുകാർ അന്വേഷണം നടത്തുന്നതിനിടെയാണ് നാട്ടകം സിമന്റ് കവല മുളങ്കുഴയിലെ കെട്ടിടത്തിനു മുകളിൽ കയറി ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്. വിവരം അറിഞ്ഞ് ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തി. കെട്ടിടത്തിനു മുകളിൽ കയറി നിന്ന ഇയാളെ പൊലീസ് സംഘം അനുനയിപ്പിച്ചു. ഇതിനിടെ നാട്ടുകാരും പൊലീസും വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു. കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘവും സ്ഥലത്ത് എത്തി.
എന്നാൽ, അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തും മുൻപ് തന്നെ പൊലീസ് സംഘം ഇയാളെ അനുനയിപ്പിച്ചു താഴെയിറക്കിയിരുന്നു. പിന്നീട് സഹോദരിയെ വിളിച്ചു വരുത്തി യുവാവിനെ ആശുപത്രിയിലേയ്ക്കു മാറ്റി. ഇയാൾക്ക് ചികിത്സ നൽകാൻ നിർദേശം നൽകിയാണ് ചിങ്ങവനം പൊലീസ് യുവാവിനെ മടക്കിയത്.