കണ്ടാൽ അന്യ​ഗ്രഹജീവിയെപ്പോലെ, കടൽത്തീരത്ത് അടിഞ്ഞവയെ കണ്ട് അന്തംവിട്ട് പ്രദേശവാസികൾ


ഓസ്ട്രേലിയ: ലോകത്തിലേക്ക് കണ്ണ് തുറന്നു വച്ചാൽ ദിവസേന പലതരത്തിലുള്ള കാഴ്ചകൾ കാണാം. അതിൽ നമുക്ക് പരിചിതമായതും അപരിചിതമായതും കാണും. അങ്ങനെയുള്ള പലതും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ ഏറ്റവും ഒടുവിലായി ഒരു അന്യ​ഗ്രഹജീവിയെ പോലൊരു ജീവി കടൽത്തീരത്ത് അടിഞ്ഞതാണ് വൈറലാവുന്നത്.  

ഓസ്ട്രേലിയയിലാണ് പലപ്പോഴും ഇത്തരത്തിലുള്ള ജീവികൾ ഇങ്ങനെ കടൽത്തീരത്ത് അടിയുന്നത്. ഇത് പ്രദേശവാസികളെ അമ്പരപ്പിച്ചിരിക്കുകയാണ്. 'ഇതെന്താണ് എന്ന് ആർക്കെങ്കിലും അറിയുമോ? ഇതുപോലെയുള്ള ഒരുപാടെണ്ണം കടൽത്തീരത്ത് അടിഞ്ഞിട്ടുണ്ട്' എന്നാണ് ഈ ജീവിയുടെ ചിത്രത്തോടൊപ്പം ഒരു പ്രദേശവാസി കുറിച്ചത്. 

'അവ എല്ലായിടത്തും ഉണ്ട്. അത് എന്താണ് എന്നാണ് ഞാനും ആശ്ചര്യപ്പെടുന്നത്' എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. ശരിക്കും ഇതിനെ കാണാൻ ഒരു അന്യ​ഗ്രഹജീവിയെ പോലെ തോന്നുമെങ്കിലും ശരിക്കും അങ്ങനെയൊന്നുമല്ല. പകരം ഇത് ഓസ്‌ട്രേലിയയുടെ തെക്കൻ തീരത്ത് കാണപ്പെടുന്ന കടൽ മൊളസ്‌ക ആണെന്ന് സീ ലൈഫ് സിഡ്‌നി അക്വേറിയം അക്വേറിസ്റ്റ് ഹാരി മേസ്‌ഫീൽഡ് യാഹൂ ന്യൂസിനോട് പറഞ്ഞു.

40 സെന്റീമീറ്റർ വരെ നീളമുള്ള ഈ ഇനം, മറ്റ് ജീവികൾ ഭക്ഷിക്കുന്നതിൽ നിന്ന് സുരക്ഷിതമായിരിക്കാൻ ആവരണം ഉള്ളവയാണ്. ഇതുപോലെ വിചിത്രമായ പല ജീവികളെയും ഇതിന് മുമ്പും കടലിലും കടൽത്തീരത്തും ആയി കണ്ടെത്തിയിട്ടുണ്ട്. അവയിൽ പലതിന്റെയും ചിത്രങ്ങളും വീഡിയോയും വൈറലായിട്ടുണ്ട്. മനുഷ്യരുടേത് പോലെ വായയുള്ള ഒരു ജീവിയെ നേരത്തെ ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ കണ്ടിരുന്നു. ഡ്ര്യൂ ലംബർട്ട് എന്നയാളാണ് ഇതിനെ കണ്ടത്. അതോടെ അദ്ദേഹം ഒരു വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വിചിത്രമായ അന്യ​ഗ്രഹജീവിയെ പോലെയുള്ള ഈ ജീവി ഏതാണ് എന്ന് ആർക്കെങ്കിലും അറിയുമോ എന്നും ചോദിച്ചിരുന്നു. 


Previous Post Next Post